യമന്‍ പ്രതിസന്ധികളെ അതിജയിക്കും: ശൈഖ് ഹബീബ് അബൂബക്കര്‍

Posted on: April 30, 2015 6:29 am | Last updated: May 1, 2015 at 10:00 am

sheikh aboobacker adani

കാരന്തൂര്‍: മതത്തെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരാണ് യമനില്‍ പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് പ്രമുഖ യമനീ മത പണ്ഡിതന്‍ ശൈഖ് ഹബീബ് അബൂബക്കര്‍ അല്‍ അദനി അഭിപ്രായപ്പെട്ടു. മര്‍കസില്‍ നടന്ന ആത്മീയ സംഗമത്തില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

ശത്രുക്കള്‍ യമനെ ലക്ഷ്യം വെക്കുന്നതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. യമനീ പാരമ്പര്യം മുറുകെ പിടിക്കുന്ന മത പണ്ഡിതന്മാരും സമുദായ നേതാക്കളുമാണ് ലോകത്ത് ഇസ്‌ലാമിന്റെ മധ്യമ നിലപാട് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗഹൃദത്തിലും സഹവര്‍തിത്ത്വിലും അടിസ്ഥാനമായ മത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ചരിത്രത്തിലുട നീളം യമനീ പണ്ഡിതന്മാരും മത സ്ഥാപനങ്ങളും മത പ്രചാരണം നടത്തിയത്. നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിനെ ഉപയോഗിക്കുന്നവര്‍ക്ക് മുന്നില്‍ എന്നും തടസ്സമായി നിന്നത് ഈ യമനീ പാരമ്പര്യമാണ്. ഈ പാരമ്പര്യത്തെ തകര്‍ത്താലേ നിലനില്‍പ്പുള്ളൂ എന്ന് മനസ്സിലാക്കിയവരാണ് യമനില്‍ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യമന്റെ ഭൂമിയോ വിഭാവങ്ങ ളോ അല്ല ഇവരുടെ ലക്ഷ്യം. യമനീ പണ്ഡിതന്മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിന്റെ പവിത്രമായ മൂല്യങ്ങളെ തകര്‍ക്കലാണ് ശത്രുക്കളുടെ ലക്ഷ്യം.

അറിവും ആത്മീയതയും മുറുകെ പിടിച്ചു കൊണ്ട് യമനികള്‍ ഈ പ്രതിസന്ധികളെ മറികടക്കും. പ്രവാചക തിരുമേനിക്ക് ഇഷ്ടപ്പെട്ട പ്രദേശമാണ് യമന്‍. ആ ദേശത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്ക് കഴിയില്ല. ശൈഖ് ഹബീബ് അബൂബക്കര്‍ പറഞ്ഞു.

മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷനായിരുന്നു. സയ്യിദ് യൂസുഫ് അല്‍ ബുഖാരി, സി മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഡോ എ പി അബ്ദുല്‍ ഹഖീം അസ്ഹരി ശൈഖ് ഹബീബ് അബൂബക്കര്‍ അദ്‌നിയെ പരിചയപ്പെടുത്തി. നേപ്പാളിലെ ഭൂകമ്പത്തില്‍ ഇരകളായവര്‍ക്ക് വേണ്ടി ചടങ്ങില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. മക്കയിലെ വിട പറഞ്ഞ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ബാസ് മാലികി അനുസ്മരണ പ്രാര്‍ഥനയും നടന്നു.