എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്ത് വയസ്സ്

Posted on: April 29, 2015 12:38 am | Last updated: April 29, 2015 at 12:38 am

air indiaനെടുമ്പാശ്ശേരി: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളുടെ നിലപാടുകളില്‍ പരിഹാരം കാണുന്നതിനായി തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്ത് വയസ് തികഞ്ഞു. കുറഞ്ഞ വേതനത്തില്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ യാത്രാസൗകര്യത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന പ്രവര്‍ത്തനം തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 27കോടിയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്.
പത്താം വര്‍ഷം പ്രമാണിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കായി നിരവധി സമ്മാന പദ്ധതികളാണ് 2015- 2016 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ സാമ്പത്തികവും മറ്റുമില്ലാതെ നാട്ടില്‍ വരുന്നതിന് ബുദ്ധിമുട്ടുന്ന പ്രവാസികളായ 10പേരെ സൗജന്യ ടിക്കറ്റ് നല്‍കി നാട്ടില്‍ എത്തിക്കുവാന്‍ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുവാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ സര്‍വീസുകളിലെ പാഴപിഴകളും, റദ്ദാക്കല്‍ മൂലവും ഏറെ പഴിക്കേട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് പത്താം വര്‍ഷത്തില്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്തി തിരിച്ച് വരവിന്റെ പാതയിലാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള മലയാളികളുടെ സൗകര്യാര്‍ഥം മുബൈയിലെ ഹെഡ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ 2013 ജനുവരിയില്‍ കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ചീത്തപേരിന് പരിഹാരം ഉണ്ടാകുവാന്‍ കാരണമായത്. എയര്‍ ഇന്ത്യ ചെയര്‍മാന്‍ രോഹിത് നന്ദന്‍ , ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ കെ. ശ്യാം സുന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെലവ് ചുരുക്കല്‍ അടക്കം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ കൂടുതല്‍ ലാഭകരമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
ചെലവുകള്‍ ചുരുക്കുകയും കാര്‍ഗോവരുമാനത്തിലും അധികബാഗേജിലും വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തതോടെ 2013-14, 2014-15 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ഇന്ത്യ വന്‍ ലാഭത്തിലായിരുന്നു. 2005 ഏപ്രില്‍ 29ന് തിരുവന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് കഞ്ഞിയാത്ര നടത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് രാജ്യത്തെ 17വിമാനങ്ങളില്‍ നിന്നായി 175സര്‍വ്വീസുകള്‍ ഇപ്പോള്‍ നടത്തുന്നത്.