Connect with us

National

ഡല്‍ഹി നിയമ മന്ത്രിയുടെ ബിരുദം വ്യാജമെന്ന് സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാന നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറുടെ നിയമ ബിരുദം വ്യാജമാണെന്ന ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തില്‍ നിന്നും വിശദീകരണം തേടി. തോമറുടെ നിയമ ബിരുദം വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹത്തെ ഉടനടി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി. തോമറുടെ രാജി ആവശ്യപ്പെട്ട് ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ നിയമ ബിരുദം നൂറുശതമാനവും യഥാര്‍ഥമാണെന്നിരിക്കെ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി തോമര്‍ പറഞ്ഞു. സത്യം കോടതിയില്‍ തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി തോമറുടെ നിയമ ബിരുദം വ്യാജമാണെന്ന് ബീഹാറിലെ ഒരു യൂനിവേഴ്‌സിറ്റി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഡല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയതിന് രേഖകളൊന്നുമില്ലെന്ന് ബീഹാറിലെ തിലക് മാന്‍ജി ഭാഗല്‍പൂര്‍ യൂനിവേഴ്‌സിറ്റി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
തോമറുടെ സര്‍ട്ടിഫിക്കറ്റിന്മേലുള്ള 3687 എന്ന സീരിയല്‍ നമ്പര്‍ 1999 ജൂലൈ 29ന് സഞ്ജയ്കുമാര്‍ ചൗധരി എന്നയാള്‍ക്ക് രാഷ്ട്രീയ മീമാംസയില്‍ ബി എ(ഓണേഴ്‌സ്) ബിരുദത്തിന് നല്‍കിയതാണെന്നും യൂനിവേഴ്‌സിറ്റി അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്മേലുള്ള തോമറുടെ പേര് വ്യാജമായി സൃഷ്ടിച്ചതാണെന്നും അവര്‍ അറിയിച്ചു. അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് യൂനിവേഴ്‌സിറ്റി രേഖകളില്‍ ഇല്ലെന്ന് ജസ്റ്റിസ് രാജീവ് ശെക്ധര്‍ മുമ്പാകെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

Latest