Connect with us

Kerala

മന്ത്രി ബാബുവിനെതിരെ അന്വേഷണം; കേസ് വേണ്ടെന്ന് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന് നിയമോപദേശം. എന്നാല്‍, ഇതിനായി പ്രത്യേകം അന്വേഷണം ആവശ്യമില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും വിജിലന്‍സിന്റെ അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ശശീന്ദ്രന്‍ നിയമോപദേശം നല്‍കി.

ബാര്‍ ഉടമ ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിയമോപദേശം തേടിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് തീരുമാനമൊന്നും എടുത്തിട്ടില്ല. നേരത്തെ ധനമന്ത്രി കെ എം മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴും കേസെടുക്കേണ്ടതില്ലെന്നാണ് ഇദ്ദേഹം നിയമോപദേശം നല്‍കിയിരുന്നത്. ഇത് മറികടന്ന് അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസറില്‍ നിന്ന് നിയമോപദേശം തേടിയാണ് കെ എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നത്.
രഹസ്യമൊഴിയില്‍ വി എസ് ശിവകുമാറിന്റെ പേരും പരാമര്‍ശിച്ചിരുന്നുവെങ്കിലും അന്വേഷണം നടത്താന്‍തക്ക വിവരങ്ങളൊന്നുമില്ലെന്നും നിയമോപദേശത്തിലുണ്ട്.
മന്ത്രി ബാബുവിന് പത്ത് കോടി രൂപ നല്‍കിയെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയില്‍ ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ബാബുവിനെതിരെ അന്വേഷണം വേണമെന്നും ക്വിക്ക് വേരിഫിക്കേഷന്‍ അടക്കമുള്ളവ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഈ ആവശ്യം ഉന്നയിച്ച് വിജിലന്‍സിന് മൂന്ന് തവണ കത്തും നല്‍കിയിട്ടുണ്ട്. കെ ബാബുവിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം വേണമെങ്കില്‍ പ്രത്യേക കേസായി എടുത്താല്‍ മതിയെന്ന നിലപാടാണ് വിജിലന്‍സ് നേരത്തെ സ്വീകരിച്ചിരുന്നത്.
കെ എം മാണിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് 164-ാം വകുപ്പ് അനുസരിച്ച് ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ഈ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തല്‍ വല്ലതുമുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്‍ റിപ്പോര്‍ട്ടും നല്‍കി. ഇതിന്മേലാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.
ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന മുപ്പത് ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറച്ചതിനാണ് എക്‌സൈസ് മന്ത്രി കെ ബാബുവിന് കോഴ നല്‍കിയതെന്ന് ബിജു ആരോപിക്കുന്നു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ എം മാണി എന്നിവര്‍ക്കും പണം നല്‍കിയതായി ബിജു പറയുന്നു. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ പത്ത് കോടി ഇടപാടെന്നും മൊഴിയിലുണ്ട്.
പുറമെ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പ് നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, കെ ബാബു പത്ത് കോടി രൂപ വാങ്ങിയെന്ന ആരോപിക്കുന്നെങ്കിലും എവിടെവെച്ച് എപ്പോള്‍ നല്‍കിയെന്ന് പറയുന്നില്ല.