വിവരാവകാശ നിയമത്തെ നോക്കുകുത്തിയാക്കരുത്

Posted on: April 29, 2015 5:54 am | Last updated: April 28, 2015 at 10:10 pm

ഫയല്‍ കാണാനില്ലെന്ന പേരില്‍ വിവിരാവകാശ നിയമത്തിന്‍ കീഴിലുള്ള അപേക്ഷകള്‍ നിരസിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മറുപടിക്കാവശ്യമായ ഫയല്‍ കാണാനില്ലെങ്കില്‍ അക്കാര്യം തെളിവ് സഹിതം ചോദ്യകര്‍ത്താവിനെ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നത്. 2012ല്‍ ഡല്‍ഹി ഹൈക്കോടതിയും 2014ല്‍ കേന്ദ്ര സര്‍ക്കാറും പുറപ്പെടുവിച്ച ഉത്തരവുകളുടെ ബലത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശയിന്മേലാണ് ഈ ഉത്തരവ്. ഫയല്‍ കാണാനില്ലെന്നു കാണിച്ചു അപേക്ഷകള്‍ നിരസിക്കുന്ന സംഭവങ്ങള്‍ കൂടിവരികയും ഇത്തരം കേസുകളിലേറെയും ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രമാണെന്ന് കമ്മീഷന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
അഴിമതിയും ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിന്മേലാണ് ഫയല്‍കാണാനില്ലെന്ന ന്യായത്തില്‍ മറുപടി നല്‍കുകയും മറുപടിക്ക് കാലതാമസം വരുത്തുകയും ചെയ്യുന്ന പ്രവണത കൂടുതലും. ഇത്തരം അപേക്ഷകളില്‍ സത്യസന്ധമായ മറുപടി അധികാരി വര്‍ഗത്തിനും സ്ഥാപിത താത്പര്യക്കാര്‍ക്കും അലോസരം സൃഷ്ടിക്കുമെന്നതിനാല്‍ വിവരാവകാശ നിയമത്തിന്റെ ഉപയോഗത്തെ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് അധികാരിവര്‍ഗം. ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനായി അപേക്ഷ സമര്‍പ്പിച്ചവരെ ദ്രോഹിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വരെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. നിയമം ഉപയോഗപ്പെടുത്തി ചോദ്യങ്ങളുന്നയിക്കുന്ന വിജിത എന്ന വിവരാവകാശ പ്രവര്‍ത്തകയെ തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്ത് ഭരണസമിതി പൊതുപ്രമേയത്തിലൂടെ ‘പൊതു ശല്യം’ എന്നാക്ഷേപിച്ചതും പ്രസ്തുത നടപടി മരവിപ്പിക്കപ്പെട്ടതും വിവാദമായതാണ്. അനധികൃത ക്വാറികള്‍ക്ക് പഞ്ചായത്ത് ഒത്താശ ചെയ്തു കൊടുത്തത് ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി വിജിത വെളിച്ചത്തുകൊണ്ടു വന്നിരുന്നു. ഇതാണ് പഞ്ചായത്ത് ഭരണ സമതിക്കാരെ പ്രകോപിതരാക്കിയത്. ബീവറേജസ് കോര്‍പറേഷനിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പയ്യോളി ബീവറേജസ് ഷോപ്പിലെ എല്‍ ഡി ക്ലാര്‍ക്ക് ടി മോഹനചന്ദ്രന്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടതിന് അയാളെ സ്ഥലം മാറ്റിക്കൊണ്ടാണ് കോര്‍പറേഷന്‍ മേധാവികള്‍ പ്രതികരിച്ചത്. ഹൈക്കോടതി ഇടപെട്ട് പിന്നീട് ഈ ഉത്തരവ് മരവിപ്പിക്കുകയുണ്ടായി.
വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതാണ് ഉദ്യോഗസ്ഥരുടെ ഈ നിലപാട്. അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയും അഴിമതി മുക്തമാക്കുകയും ചെയ്യുന്നതിനാണ് 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം ആവിഷ്‌കരിച്ചു നടപ്പാക്കിയത്. രാജ്യരക്ഷയുമായി ബന്ധപ്പെട്ടതും രഹസ്യസ്വഭാവത്തിലുള്ളതുമായ വിവരങ്ങളൊഴികെ ഭരണകൂടത്തിന്റെ ചലനങ്ങളെല്ലാം എളുപ്പത്തില്‍ അറിയാനുള്ള വഴി ഇതിലൂടെ ജനങ്ങള്‍ക്ക് തുറന്നുകിട്ടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ പടിവാതിലുകള്‍ മാസങ്ങളോളം കയറിയിറങ്ങിയാലും ലഭിക്കാത്ത വിവരങ്ങള്‍ ദിവസങ്ങള്‍ക്കകം അപേക്ഷകന് തപാലില്‍ കിട്ടാന്‍ വിവരാവകാശ നിയമപ്രകാരം കേവലം 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയേ വേണ്ടതുള്ളു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കിയിരിക്കണമെനന്നാണ് വ്യവസ്ഥ. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്‍ വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ നിരക്കില്‍ പിഴയടക്കണമെന്ന് നിയമം അനുശാസിക്കുന്നു. സമയബന്ധിതമായി ‘വിവരം’ ലഭിക്കാത്തതുമൂലം അപേക്ഷകന് നഷ്ടം സംഭവിച്ചാല്‍ അയാള്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശമുണ്ട്. സുതാര്യമാണ് നിയമത്തിന്റെ വഴികളെന്നതിനാല്‍ ഇതിന്റെ സാധ്യതകള്‍ ജനങ്ങള്‍ ധാരാളമായി ഉപോയോഗപ്പെടുത്തുന്നു. അഴിമതിയും ക്രമക്കേടുകളും കാണിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന് ഇത് ഇഷ്ടപ്പെടാതിരിക്കുക സ്വാഭാവികം. ഇതിനെ അട്ടിമറിക്കാനുള്ള നീക്കം നിയമ രൂപവത്കരണം മുതലേ നടന്നുവരുന്നുണ്ട്. കേന്ദ്രത്തിലെ അധികാരമാറ്റത്തിന് ശേഷം പ്രത്യേകിച്ചും. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് എന്‍ ഡി എ സര്‍ക്കാര്‍ ഇതുവരെ ആരെയും നിമയമിച്ചിട്ടില്ലെന്നത് ഈ നിയമത്തോടുള്ള സര്‍ക്കാറിന്റെ പ്രതികൂല മനോഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കേരളത്തില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിയമ പ്രകാരം സമര്‍പ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി സമര്‍പ്പിച്ചിട്ടില്ലെന്നത് സംസ്ഥാന സര്‍ക്കാറിന്റെ സമീപനവും അത്ര സുഖകരമല്ലെന്ന് ബോധ്യപ്പെടുത്തുന്നു. ഫയല്‍ കാണാനില്ലെന്ന പേരില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമേകുന്നത് ഉത്തരവാദപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ്. അതിനാണ് ആദ്യം മാറ്റം വരേണ്ടത്.