ശേഷാചലം വെടിവെപ്പ്: രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം ഹൈക്കോടതി

Posted on: April 28, 2015 9:18 pm | Last updated: April 29, 2015 at 12:45 am

hydrabad encounter2ഹൈദരാബാദ്: ശേഷാചലം വെടിവെപ്പില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നു ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം 60 ദിവത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരുടേതാണ് ഇടക്കാല ഉത്തരവ്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണു കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയ കേസ് ഡയറിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് ഡയറി ചൊവ്വാഴ്ച ഹാജരാക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതു മേയ് ഒന്നിലേക്കു മാറ്റി.

ശേഷാചലം വനമേഖലയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 20 തമിഴിനാട് സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ചന്ദനക്കൊള്ളക്കാരാണ് എന്നായിരുന്നു പോലീസ് നടത്തിയ വിശദീകരണം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്ന് കോടതി ഇടപെടുകയായിരുന്നു.