മയോട്ടെ റജബ്‌ഫെസ്റ്റിന് തുടക്കം: ആദര്‍ശപ്പൊരുത്തത്തിന്റെ അടിത്തറ തിരുനബിസ്‌നേഹം- ഖലീല്‍ തങ്ങള്‍

Posted on: April 28, 2015 12:53 pm | Last updated: April 28, 2015 at 12:53 pm

khaleel bukhariമമോദ്‌സു (മയോട്ടെ): വിശുദ്ധ റംസാന്‍ മാസത്തിന്റെ മന്നോടിയായി ഫ്രാന്‍സിന്റെ അധീനതയിലുള്ള മായോട്ടെയില്‍ സംഘടിപ്പിക്കുന്ന റജബ് ഫെസ്റ്റിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കമായി. മയോട്ടെ തലസ്ഥാനമായ മമോദ്‌സുവില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാനും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ അധ്യക്ഷനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലോകത്തിന്റെ ആദര്‍ശ ഐക്യം തിരുനബി സ്‌നേഹത്തിലൂടെ മാത്രമെ കൈവരികയുള്ളൂവെന്നും വിവിധ ഭൂഖണ്ഡങ്ങളിലെ ജനസഞ്ചയത്തെഎല്ലാ അതിരുകള്‍ക്കുമപ്പുറം ഒരുമിപ്പിക്കുന്നത് പ്രവാചകരോടുള്ള അടുപ്പമാണെന്നും സയ്യിദ് ഖലീല്‍ തങ്ങള്‍ പറഞ്ഞു. കേരളത്തെപ്പോലെ നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക ചരിത്രമുള്ള മയോട്ടെയിലെ ഇസ്‌ലാമിക പാരമ്പര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസത്തിലുമെല്ലാം മയോട്ടെക്കാര്‍ തനിമ നിലനിര്‍ത്തുന്നവരാണ്. മുസ്‌ലിംകളുടെ ആദര്‍ശ ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മയോട്ടെ. യമനില്‍ നിന്നുള്ള അഹ്‌ലുബൈത്തിന്റെ സ്വാധീനത്തില്‍ ഇസ്‌ലാം ആഴത്തില്‍ വേരോടിയ മയോട്ടെ ഇസ്‌ലാമിന്റെ സൗഹൃദ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച സഊസി എയര്‍പോര്‍ട്ടില്‍ എത്തിയ ഖലീല്‍ തങ്ങള്‍ക്ക് മമോദ്‌സുവിലായിരുന്നു ആദ്യ പൊതുപരിപാടി. അറബന അടക്കം വിവിധ പാരമ്പര്യ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് അതിഥികളെ ആനയിച്ചത്. മമോദ്‌സു മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ഉദ്ഘാടന ചടങ്ങില്‍ ആബാല വൃദ്ധം ജനങ്ങള്‍ സംബന്ധിച്ചു.
പ്രഭാഷണങ്ങള്‍ക്കു പുറമെ വിവിധ ആഫ്രിക്കന്‍ നാടുകളില്‍ പ്രചാരത്തിലുള്ള മൗലിദ് പാരായണവുമുണ്ടായിരുന്നു. മുല്‍തഖന്നൂര്‍ തലവന്‍ അല്‍ ഹബീബ് ജമലുല്ലൈല്‍, അല്‍ ഹബീബ് യൂനുസ് മുഖദ്ധര്‍, അല്‍ ഹബീബ് സ്വാലിഹ് അല്‍ അഹ്ദല്‍ (കെനിയ), ഡോ. ഖാലിദ് അബൂത്വാലിബ് അല്‍ ജല്ലാനി (പാരിസ്), അബ്ദുല്‍ ജലീല്‍ അസ്ഹരി (മഅ്ദിന്‍ അക്കാദമി) എന്നിവര്‍ പ്രസംഗിച്ചു.
യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള പ്രദേശമാണ് മയോട്ടെ. പ്രധാനമായും വിവിധ ആഫ്രിക്കന്‍ നാടുകളില്‍ നിന്ന് കുടിയേറിയ ജനങ്ങള്‍ തങ്ങളുടെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായാണ് റജബ് ഫെസ്റ്റിനെ കാണുന്നത്.