Connect with us

Kerala

തെരുവ് കച്ചവടക്കാരുടെ പുനരധിവാസം; സര്‍വേ നടത്താന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും രൂപവല്‍ക്കരിക്കും. കേന്ദ്ര പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷന്‍ വഴി നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടിയുള്ള സര്‍വ്വെ നടത്താനും മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

നഗരങ്ങളിലെ തെരുവുകച്ചവടക്കാരുടെ വിവരശേഖരണത്തിനായി ടൗണ്‍ വെന്റിങ്ങ് കമ്മിറ്റികളും രൂപവത്ക്കരിക്കും. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജില്ലാ ആസ്ഥാനങ്ങളിലും കൊച്ചിയില്‍ രണ്ടിടത്തുമാണ് ആദ്യഘട്ടത്തില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുക. കച്ചവടസ്ഥലവും കച്ചവടക്കാരുടെ എണ്ണവും സമാന്തരമായി ശേഖരിക്കുന്ന വിധമാണ് സര്‍വ്വെ . കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സര്‍വ്വെക്കുവേണ്ടി എം എസ് ഡബ്ല്യു വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനിച്ചു. വഴിവാണിഭക്കാരുടെ സംരക്ഷണത്തിനായി 3.5 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വഴിവാണിഭക്കാരുടെ സര്‍വ്വെ, പുനരധിവാസത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി രൂപവത്ക്കരണം, മാര്‍ക്കറ്റ് പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയവക്കായി 98 ലക്ഷം രൂപ നീക്കിവെച്ചു. ഈ പ്രവര്‍ത്തങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ച യോഗം തീരുമാനിച്ചു.14 നഗരങ്ങളാണ് പുനരധിവാസ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവര്‍ കച്ചവടം ചെയ്യുന്ന സ്ഥലവും നഗരത്തിന്റെ സ്വഭാവവും പരിഗണിച്ചാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഈ മേഖലയിലെ ചൂഷണം തടയും. ഇവരുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യും. രണ്ട് ലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി രൂപവല്‍ക്കരിക്കുന്ന സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അംഗീകൃത ട്രേഡ് യൂണിയനുകളുടെയും വികസന സമിതികളുടെയും കുടുംബശ്രീയുടെയും പ്രതിനിധികളുണ്ടാവും. സംസ്ഥാനതല കമ്മിറ്റിക്കു കീഴിലായി ജില്ലാ തലങ്ങളില്‍ സമിതികള്‍ രൂപവത്ക്കരിക്കും. കലക്ടര്‍മാര്‍, ജില്ലാ ടൗണ്‍ പ്ലാനിങ്ങ് ഓഫീസര്‍മാര്‍, പൊതുമരാമത്ത്, ദേശീയപാത അധികൃതര്‍, പൊലീസ്, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗങ്ങളാവും.