Connect with us

Ongoing News

ഷുമാക്കറിന്റെ മകന്‍ വരവറിയിച്ചു

Published

|

Last Updated

ബെര്‍ലിന്‍: ഫോര്‍മുല വണ്‍ കാര്‍ റേസിംഗിലെ ഇതിഹാസതാരം മൈക്കല്‍ ഷുമാക്കറുടെ മകന്‍ മൈക്ക് ഷുമാക്കര്‍ ജൂനിയര്‍ വേഗട്രാക്കില്‍ വരവറിയിച്ചു. ഫോര്‍മുല ഫോര്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിനാറുകാരന്‍ വിജയക്കൊടി നാട്ടി. ഹാനോവറിനും ബെര്‍ലിനും ഇടയില്‍ പതിനെട്ട് ലാപ്പുകളുള്ള ഓഷര്‍സ്ലിബെന്‍ ട്രാക്കിലാണ് ജൂനിയര്‍ ഷുമി വേഗമേറിയ താരമായത്. ഗ്രിഡില്‍ രണ്ടാമതായി സ്റ്റാര്‍ട്ട് ചെയ്ത ഷുമാക്കര്‍ പിഴവുകള്‍ വരുത്താതെ തുടക്കത്തിലെ ലീഡ് നിലനിര്‍ത്തയാണ് വിജയം സ്വന്തമാക്കിയത്.
ഫോര്‍മുല ഫോറിലെ അരങ്ങേറ്റത്തില്‍ പത്തൊമ്പതാം സ്ഥാനത്ത് സ്റ്റാര്‍ട്ട് ചെയ്തിട്ടും ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഷുമി ജൂനിയര്‍ വാതുവെപ്പുകാരുടെയും ഇഷ്ടതാരമായി മാറി. യൂറോപ്പിലെ അഡാക് ഫോര്‍മുല ഫോര്‍ സീസണില്‍ ഡച്ച് വാന്‍ ആമെസ്ഫൂട് റേസിംഗ് ടീമിന്റെ താരമാണ് ജൂനിയര്‍ ഷുമി. മഞ്ഞുമലയില്‍ തടയിടിച്ച് ഓര്‍മകള്‍ നഷ്ടപ്പെട്ട് തളര്‍ന്നുകിടക്കുകയാണ് ഇതിഹാസ താരം മൈക്കല്‍ ഷുമാക്കര്‍. തന്റെ പാത സ്വീകരിച്ച് റേസിംഗ് ട്രാക്കിലെത്തിയ മകന്റെ നേട്ടം ഷുമാക്കര്‍ എന്ന് തിരിച്ചറിയുമെന്ന് വൈദ്യലോകത്തിന് പ്രവചിക്കാന്‍ സാധിക്കുന്നില്ല. കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ശരീരം ചിലപ്പോള്‍ മരുന്നിനോട് പോലും പ്രതികരിക്കുന്നില്ലെന്ന വാര്‍ത്തയും വരുന്നു. 2013 ഡിസംബറിനായിരുന്നു കായിക ലോകത്തെ നടുക്കിയ അത്യാഹിതം ഷുമിയെ തേടിയെത്തിയത്.