താരങ്ങളുടെ താരമായി ഹസാദ്‌

Posted on: April 28, 2015 5:41 am | Last updated: April 28, 2015 at 12:42 am

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ അസോസിയേഷന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ചെല്‍സിയുടെ ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ എദെന്‍ ഹസാദിന്. കഴിഞ്ഞ സീസണില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഹസാദ് നേടിയിരുന്നു. ഇത്തവണത്തെ മികച്ച യുവതാരം ടോട്ടനം ഹോസ്പറിന്റെ ഹാരി കാനിനാണ്.
സീസണില്‍ ചെല്‍സിയുടെ കിരീടക്കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന ഹസാദ് പതിനെട്ട് ഗോളുകള്‍ ഇതിനകം സ്‌കോര്‍ ചെയ്തു. ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം ചെല്‍സിക്കായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നിര്‍ണായക മത്സരത്തില്‍ വിജയഗോള്‍ നേടിയ ഹസാദ് തന്റെ നേടത്തിന് പിറകില്‍ കോച്ച് ജോസ് മൗറിഞ്ഞോയാണെന്ന് പറയുന്നു.
ആഴ്‌സണലുമായുള്ള സമനിലക്ക് ശേഷം നടന്ന ചടങ്ങില്‍ ചെല്‍സി താരം സീസണില്‍ ടീം കൈവരിച്ച നേട്ടത്തില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
ലോകഫുട്‌ബോളിലെ മികച്ച താരമായി അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. ചെല്‍സി അതിനുള്ള അവസരമൊരുക്കി. എനിക്കറിയില്ല, ഈ പുരസ്‌കാരത്തിന് അര്‍ഹനാണോയെന്ന്, പക്ഷേ ഇതെനിക്ക് മികച്ച ഭാവി പ്രദാനം ചെയ്യും – ബെല്‍ജിയന്‍ പറഞ്ഞു. ഫുട്‌ബോള്‍ താരങ്ങള്‍ വോട്ട് ചെയ്താണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുന്നത്. ഫുട്‌ബോളിനെ കുറിച്ച് ശരിക്കും അറിയുന്നവരുടെ വോട്ടാണത്. അതുകൊണ്ടു തന്നെ ഈ അവാര്‍ഡിന് വളരെ പ്രത്യേകതയുണ്ട് – ഹസാദ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ ടീം മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതിപ്പോള്‍ മികച്ച താരമായി മാറിയപ്പോള്‍ എന്റെ ടീം ചാമ്പ്യന്‍പട്ടം ഉറപ്പിച്ച് നില്‍ക്കുന്നു – 24കാരന്‍ വൈകാരികമായി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മെസിക്കുമൊപ്പമാണ് എദെന്‍ ഹസാദിനെ ചെല്‍സി കോച്ച് മൗറിഞ്ഞോ പ്രതിഷ്ഠിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ വിജയഗോള്‍ നേടിയ ഹസാദിനെ കുറിച്ച് മൗറിഞ്ഞോ പറഞ്ഞു: എന്റെ ടീമില്‍ ഒരുപാട് സൂപ്പര്‍താരങ്ങളുണ്ട്, പക്ഷേ, ഹസാദാണ് വിനയമുള്ള സൂപ്പര്‍ സ്റ്റാര്‍.
പി എഫ് എ പ്രീമിയര്‍ ലീഗ് ടീമില്‍ ഹസാദിനെ കൂടാതെ ചെല്‍സിയുടെ ആറ് താരങ്ങള്‍ ഇടം പിടിച്ചു. ക്യാപ്റ്റന്‍ ജോണ്‍ ടെറി, ഗാരി കാഹില്‍, ബ്രാനിസ്ലാവ് ഇവാനോവിച്, നെമാന്‍ജ മാറ്റിച്, ഡിയഗോ കോസ്റ്റ.
ടോട്ടനംഹോസ്പറിന്റെ തട്ടകത്തില്‍ കളിപഠിച്ചു വളര്‍ന്ന ഹാരി കാന്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാണ്. ഇരുപത്തൊന്നുകാരന്‍ ഈ സീസണില്‍ മുപ്പത് ഗോളുകള്‍ നേടി.
നവംബര്‍ വരെ ആദ്യലൈനപ്പില്‍ ഇടമില്ലായിരുന്നു കാനിന്. പതിയെ ടീമിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
ടോട്ടനമിനെ ലീഗ് കപ്പിന്റെ ഫൈനലിലെത്തിച്ച ഹാരി കാന്‍ കഴിഞ്ഞ മാസം ഇംഗ്ലണ്ടിനായി അരങ്ങേറി. ലിത്വാനിയക്കെതിരെ യൂറോ യോഗ്യതാ റൗണ്ടില്‍ പകരക്കാരനായെത്തിയ എഴുപത്തൊമ്പതാം സെക്കന്‍ഡില്‍ ഗോളടിച്ചാണ് ഹാരി കാന്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്.