Connect with us

International

94 ശതമാനം വോട്ട്‌നേടി സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ബശീര്‍ വീണ്ടും അധികാരത്തിലേക്ക്‌

Published

|

Last Updated

ഖാര്‍ത്തോം : തിരഞ്ഞെടുപ്പ് നടന്ന സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ബശീര്‍ 94 ശതമാനം വോട്ട്‌നേടി വിജയിച്ചു. സുഡാനിലെ നാഷണല്‍ അസംബ്ലിയിലെ 450 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഉച്ചവരെ പുറത്തുവിട്ടിട്ടില്ല. പട്ടാള അട്ടിമറിയിലൂടെ 1989ല്‍ അധികാരത്തിലെത്തിയ ബശീര്‍ ഇപ്പോഴും ഭരണത്തില്‍ തുടരുകയാണ്. നേരത്തെ ഇദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യം അംഗീകരിക്കുംവിധം 46 ശതമാനമായിരുന്നെങ്കിലും രാജ്യത്തെ തിരഞ്ഞെടുപ്പ് പതിവുപോലെ കച്ചവടമായെന്ന് സുഡാനിലെ സര്‍വകലാശാലയിലെ അധ്യാപകനും എഴുത്തുകാരനുമായ അബ്ദുല്‍ വഹാബ് അല്‍അഫിന്ദി അല്‍ജസീറയോട് പറഞ്ഞു. അറസ്റ്റിനെയും പീഡനത്തെയും തുടര്‍ന്ന് പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് മറ്റ് വഴികളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ നാഷണല്‍ ഉമ്മ പാര്‍ട്ടി , പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയവ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടെന്നുള്ള തോന്നല്‍ മാത്രമാണ് ഉണ്ടായതെന്നും അഫിന്ദി പറഞ്ഞു. സാമ്പത്തിക രംഗം പുനര്‍നിര്‍മിക്കുകയും മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളുടെ കോപത്തിന് അവസാനം കണ്ടെങ്കില്‍ മാത്രമെ ബശീറിന് ഏറെക്കാലം അധികാരത്തില്‍ തുടരാനാകുവെന്നും അഫിന്ദി പറഞ്ഞു. ഈ മാസം 13 മുതല്‍ 16വരെയാണ് സുഡാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. 2011ല്‍ ദക്ഷിണ സുഡാന്‍ വേര്‍പെട്ടുപോയ ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണിത്.

Latest