Connect with us

International

'ഞങ്ങള്‍ക്ക് ചുറ്റുമുള്ളത് സങ്കടപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മാത്രം'

Published

|

Last Updated

കാഠ്മണ്ഡു: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ ജനങ്ങള്‍ ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടമോടുന്നു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരായതായിട്ടുണ്ട്. അറുപത് ലക്ഷത്തിലധികം പേരെ ഭൂകമ്പം ബാധിച്ചതായി യു എന്നും വ്യക്തമാക്കിയിട്ടുണ്ട്. റോഡുകളില്‍ ഭീമന്‍ വിള്ളലുകള്‍ വീണ് തകര്‍ന്നതിനാല്‍ റോഡ് ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്. കടുത്ത തണുപ്പുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രി ആയിരക്കണക്കിന് പേര്‍ തെരുവുകളിലുറങ്ങി നേരം വെളുപ്പിച്ചു. തുടര്‍ ചലനങ്ങള്‍ ഉണ്ടായത് കാരണം പലരും ഉറക്കമൊഴിവാക്കി. ഇന്ത്യയില്‍ നിന്നെത്തിയ നൂറുക്കണക്കിന് പേര്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ നിന്ന് ഇവിടെ ജോലിക്കെത്തിയ തൊഴിലാളികളില്‍പ്പെട്ട ഒരാളുടെ വാക്കുകള്‍: “കഴിഞ്ഞ ദിവസം സംഭവിച്ചതിന്റെ ബാക്കിപത്രങ്ങള്‍ കാണുമ്പോള്‍ ഞെട്ടിപ്പോകുകയാണ്. വളരെയേറെ സങ്കടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചുറ്റും. എന്റെ കുടുംബം മുഴുവന്‍ ദുരിതത്തിലാണ്. ആവശ്യത്തിനുള്ള ഭക്ഷണമോ വെള്ളമോ ഇല്ല. എല്ലാ ഷോപ്പുകളും അടഞ്ഞുകിടക്കുകയാണ്. അഞ്ഞൂറിനും ആയിരത്തിനും ഇടയിലുള്ള ആളുകള്‍ ഇവിടെ ജോലിക്കെത്തിയിരുന്നു. ഇനി ഞങ്ങള്‍ക്ക് തിരിച്ചുപോകണം. പക്ഷേ എങ്ങനെ തിരിച്ചുപോകുമെന്നറിയുന്നില്ല. വൈദ്യുതി ബന്ധം പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ആരുമായും ബന്ധപ്പെടാന്‍ പോലും സാഹചര്യമില്ല. ഇന്ത്യയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ പുറപ്പെട്ട വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ വഴി നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ”.
ആശുപത്രികളിലെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. നൂറു പേരെ വരെ ചികിത്സിക്കാന്‍ ശേഷിയുള്ള ആശുപത്രികളില്‍ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയെത്തിയിരിക്കുന്നത്. പലരും ആശുപത്രി വരാന്തകളിലും ആശുപത്രിക്ക് പുറത്തെ മൈതാനങ്ങളിലും അഭയം തേടിയിരിക്കുകയാണ്.

Latest