Connect with us

Kannur

ഇന്ത്യയിലെ ആദ്യ പാമ്പ് ഗവേഷണ കേന്ദ്രം പറശ്ശിനിക്കടവില്‍ ഒരുങ്ങുന്നു

Published

|

Last Updated

കണ്ണൂര്‍: പാമ്പുകള്‍ക്ക് ഉണ്ടാകുന്ന ജനിതകമാറ്റം പഠിക്കാന്‍ ഇന്ത്യയിലാദ്യമായി പറശ്ശിനിക്കടവില്‍ പാമ്പ് ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. പാമ്പുകള്‍ക്ക് ഉണ്ടാകുന്ന ജനിതക മാറ്റം, ജൈവാവസ്ഥ, ഭക്ഷണരീതി, ജീവിതരീതി തുടങ്ങി സമഗ്ര പഠനത്തിനുള്ള വിപുലമായ സൗകര്യവുമായാണ് പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ കീഴില്‍ ഗവേഷണ കേന്ദ്രം തയ്യാറാകുന്നത്. ഗവേഷണ കേന്ദ്രത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ടെലി മെഡിസിന്‍ സംവിധാനത്തിനും തുടക്കം കുറിക്കും. ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണ് ഈ സംവിധാനം. ലോകത്തിന്റെ ഏത് കോണില്‍ നിന്നും വിഷചികിത്സാ കേന്ദ്രവുമായി ബന്ധപ്പെടുവാന്‍ സഹായിക്കുന്നതും ഫോട്ടോയും മറ്റ് വിവരങ്ങളും കൈമാറിയാല്‍ ചികിത്സ നല്‍കുന്നതുമാണ് പദ്ധതി.

കേരളത്തിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വകലാശാലകളുമായി ബന്ധപ്പെടുത്തിയായിരിക്കും ഗവേഷണ കേന്ദ്രം തുടങ്ങുക. ഇതിന്റെ ആദ്യ പടിയെന്നോണമുള്ള ദേശീയ മൃഗശാല അതോറിറ്റിയുടെ അംഗീകാരം പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതികള്‍ക്കുള്ള പ്രാഥമിക കടമ്പ കടന്നതോടെ ഈ വര്‍ഷം തന്നെ ഗവേഷണ കേന്ദ്രത്തിന് തുടക്കമിടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കോഴ്‌സുകളും ആരംഭിക്കുമെന്ന് സ്‌നേക്ക് പാര്‍ക്ക് ഡയരക്ടര്‍ ആന്‍ഡ് കറസ്‌പോണ്ടന്‍ഡ് പ്രൊഫ. ഇ കുഞ്ഞിരാമന്‍ പറഞ്ഞു.
ഇതോടനുബന്ധിച്ച് അടിയേറ്റും കടിയേറ്റും അവശരും മൃതപ്രായരുമായ വന്യമൃഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യത്തിനും സംവിധാനം ഒരുക്കുന്നുണ്ട്. ഇതും ദക്ഷിണേന്ത്യയിലെ ആദ്യ സംരംഭമാണ്. ഇതിനായി സ്‌നേക്ക് പാര്‍ക്ക് നേതൃത്വത്തി ല്‍ റസ്‌ക്യൂ സെന്റര്‍ തുടങ്ങും. സെന്ററില്‍ ഉരഗജീവികളെയും സംരക്ഷിക്കും. റെസ്‌ക്യൂ സെന്റര്‍ ആരംഭിക്കാനുള്ള അംഗീകാരവും ലഭിച്ചുകഴിഞ്ഞു. വിഷചികിത്സാ സൊസൈറ്റിക്ക് കുറുമാത്തൂരിലുള്ള സ്ഥലത്താണ് റെസ്‌ക്യൂ സെന്റര്‍ ആരംഭിക്കുക. അപകടം പറ്റുന്ന വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി അവയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ് മറ്റെങ്ങുമില്ലാത്ത ഈ പദ്ധതി. പരുക്ക് മാറ്റിയതിന് ശേഷം വനം വകുപ്പിന് കൈമാറുകയോ കാട്ടില്‍ വിടുകയോ മൃഗശാലയില്‍ സംരക്ഷിക്കുകയോ ചെയ്യും.
അതിനിടെ, ഗവേഷണ കേന്ദ്രം പദ്ധതിയുടെ ഭാഗമായി പാമ്പുകളിലെ അതിഭീമനായ വിദേശിയായ അനാക്കോണ്ടയെ സ്‌നേക്ക് പാര്‍ക്കില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. കൊളംമ്പോയില്‍ നിന്ന് രണ്ട് അനാക്കോണ്ടയെ എത്തിക്കാനാണ് ശ്രമം. ഇതിനായി അവസാനവട്ട ചര്‍ച്ചയും പൂര്‍ത്തിയായി. ആഫ്രിക്കന്‍ വനാന്തരങ്ങളിലും ആഫ്രിക്കന്‍ നദീതീരങ്ങളിലും കണ്ടുവരുന്ന അനാക്കോണ്ട നിലവില്‍ സംസ്ഥാനത്ത് തിരുവനന്തപുരം മൃഗശാലയില്‍ മാത്രമാണുള്ളത്. അഞ്ചെണ്ണം ഇവിടെയുണ്ട്. മുന്‍ സഹകരണമന്ത്രിയും സി എം പി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം വി ആറിന്റെ പേരിലാണ് ഗവേഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. 1973ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത പാപ്പിനിശ്ശേരി വിഷ ചികിത്സാ സൊസൈറ്റി 1982ലാണ് സ്‌നേക്ക് പാര്‍ക്ക് തുടങ്ങിയത്. എം വി രാഘവനാണ് സ്ഥാപകന്‍.

Latest