Connect with us

Kerala

കശുവണ്ടി വ്യവസായികളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്; പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

Published

|

Last Updated

കൊല്ലം: ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥ പ്രമുഖരുടെ ഒത്താശയോടെയും ജില്ലയില്‍ കശുവണ്ടി വ്യവസായികളെ കബളിപ്പിച്ച് നടത്തിയ വന്‍ തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്നതോടെ തട്ടിപ്പിന് ഇരകളായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. അതേസമയം തട്ടിപ്പിന് നേതൃത്വം നല്‍കിയ അടൂര്‍ മണക്കാല പുതിയവിള സിന്ധുഭവനില്‍ ശരത്ചന്ദ്രന്‍, ഭാര്യ ലക്ഷ്മി ഭാസ്‌കരന്‍, ഭാര്യാപിതാവ് കായംകുളം സ്‌നേഹാലയത്തില്‍ വേലഞ്ചിറ ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ഇരകള്‍ ചേര്‍ന്ന് രൂപവത്കരിച്ച കാഷ്യൂ പ്രോസസേഴ്‌സ് ഫോറം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

കൊല്ലം മോര്‍ അബു കാഷ്യൂസ് ഉടമ തോമസ് വൈദ്യന്‍ എന്നയാള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തായതോടെ പരാതിയുമായി എത്തിയത്. തോട്ടണ്ടി ഇറക്കുമതി വാഗ്ദാനം വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീണ തോമസ് വൈദ്യന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. ഇതിനു പുറമേയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് അടൂര്‍ ശാഖാ മാനേജരെ കബളിപ്പിച്ച് വായ്പാ തട്ടിപ്പിലൂടെ സംഘം 30 കോടിയോളം രൂപ കൈക്കലാക്കിയ സംഭവവും പുറത്തുവന്നത്. സംഭവത്തെ തുടര്‍ന്ന് മാനേജര്‍ സസ്‌പെന്‍ഷനില്‍ ആകുകയും അന്വേഷണം സി ബി ഐ ഏറ്റെടുക്കുകയും ചെയ്തു.
മന്ത്രിതലത്തില്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പമുപയോഗിച്ച് ആസൂത്രിതമായും വ്യാജരേഖകള്‍ ചമച്ചും നടത്തിയ തട്ടിപ്പിനെക്കുറിച്ച് പോലീസിലും വിവിധ കോടതികളിലും പരാതികള്‍ നല്‍കുകയും മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരികയും ചെയ്തു. ഇതോടെ സംഭവത്തിലെ മുഖ്യ പ്രതിയായ ശരത്ചന്ദ്രന്‍ പരാതിക്കാര്‍ക്ക് എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. ശരത്ചന്ദ്രന്‍ ഭാര്യയെ ഉപയോഗിച്ച് പോലീസില്‍ പരാതി നല്‍കിയതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്ക് മുതിരാതെ പരാതിക്കാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുന്നതായാണ് ആക്ഷേപം. സന്ധ്യ കാഷ്യു കമ്പനി എന്ന വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായികളുമായി പരിചയം സ്ഥാപിച്ച ശരത്ചന്ദ്രനും ഭാര്യാപിതാവായ വേലഞ്ചിറ ഭാസ്‌കരനും ചേര്‍ന്ന് അഫ്രിക്കന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്ത് കുറഞ്ഞ നിരക്കില്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം വ്യവസായികളെ കബളിപ്പിച്ചാണ് അമ്പത് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. ഉന്നത രാഷ്ട്രീയ സ്വാധീനം ബോധ്യപ്പെടുത്തിയും, വ്യാജരേഖകള്‍ ചമച്ചുമായിരുന്നു ആസൂത്രിതമായ തട്ടിപ്പ്.
തട്ടിപ്പ് ബോധ്യമായതോടെ പണം തിരികെ ആവശ്യപ്പെട്ടവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കുകയും ചെയ്തു. ഇതിനു പുറമേയാണ് പോലീസിന്റെ ഒത്താശയോടെ പരാതിക്കാര്‍ക്ക് എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയുള്ള മാനസിക പീഡനവുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.

Latest