ഫേസ്ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രണ്ടുപേരെ പിടികൂടി

Posted on: April 27, 2015 3:28 am | Last updated: April 26, 2015 at 11:29 pm

crimnalകോഴിക്കോട്: ഫേസ് ബുക്കിലൂടെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ബി എസ് സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പരസ്യം നല്‍കി തട്ടിപ്പൂ നടത്തിയ കണ്ണൂര്‍ മൂന്നാംപീടിക സ്വദേശി പുന്നത്ത് മിഥുന്‍(28), കോട്ടയം മോനിപ്പള്ളി മേച്ചേരി വീട്ടില്‍ ജോസഫ് സേവ്യര്‍(30)എന്നിവരെയാണ് ബെഗളുരുവിലെ ബണ്ണാര്‍ഘട്ടില്‍വെച്ച് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രതികള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി ഉദ്യോഗാര്‍ഥികളെ തട്ടിപ്പിനിരയാക്കിയതായായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇല്ലാത്ത ജോലിയുടെ പേരില്‍ പരസ്യം നല്‍കി 7,30,000 രൂപ തട്ടിയെടുത്ത് കബളിപ്പിച്ചു മുങ്ങിയെന്ന. കോട്ടയം സ്വദേശിനി ഷീജാറാണിയുടെ പരാതയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എട്ട് വര്‍ഷത്തോളമായി ബെഗളുരുവിലെ വിവിധ ഭാഗങ്ങളില്‍ പെയിന്‍ ഗസ്റ്റുകളായി താമസിച്ചുവരുന്ന പ്രതികള്‍ വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചതിന്റെ മുന്‍പരിചയം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ജനറല്‍ നഴ്‌സിംഗ് ബിരുദധാരി കൂടിയായ ജോസഫ് സേവ്യറുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ബി എസ് സി നഴ്‌സിംഗ് ടീമിന്റെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികളെ കെണില്‍യില്‍ കുടുക്കിയത്. ക്വാളിറ്റി നഴ്‌സസ് എന്ന പേരില്‍ ഒരു വെബ് സൈറ്റും, നൈറ്റിന്‍ ഗേള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പും ഉണ്ടാക്കിയായിരുന്നു തട്ടിപ്പി വ്യാപിപ്പിച്ചത്. ഗ്രൂപ്പ് പേജില്‍ നഴ്‌സിംഗ് ബിരുദധാരികളെ ആവശ്യമുണ്ടെന്ന പരസ്യം വ്യാജ ഐഡി ഉപയോഗിച്ച് മിഥുനിന്റെ ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ഫോണ്‍ നമ്പറിലേക്ക് വിളിച്ച ഉദ്യോഗാര്‍ഥികളുമായി മിഥുന്‍ ഫോണിലൂടെയാണ് ഇന്റര്‍വ്യൂ നടത്തും. ജോലിവാഗ്ദാനം വിശ്വസിക്കുന്ന ഉദ്യോഗാര്‍ഥികളോട് എറണാകുളം യൂനിയന്‍ ബേങ്കില്‍ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആവശ്യമായ പ്രോ മെട്രിക് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് ഉദ്യോഗാര്‍ഥികളോട് അന്വേഷിക്കുകയും 10,200 രൂപ ഫീസ് ആയി ഡെപ്പോസിറ്റ് ചെയ്താല്‍ പതിനഞ്ച് ദിവസത്തിനകം ഓണ്‍ലൈനില്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് പതിവ്. സംശയം പ്രകടിപ്പിക്കുന്ന ഉദ്യോഗാര്‍ഥികളോട് ബെഗളുരുവിലെ ഏതെങ്കിലും വ്യാജ ഓഫീസ് അഡ്രസ് നല്‍കി അവിടെ നേരിട്ട് വന്ന് പണം അടച്ച് രസീത് വാങ്ങാന്‍ ആവശ്യപ്പെട്ട് ഒഴിഞ്ഞുമാറും. കുറെ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പതിനഞ്ച് ദിവസത്തിന് ശേഷം പ്രസ്തുത ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങുന്നത് സംഘം പതിവാക്കുകയായിരുന്നു. അക്കൗണ്ടിലെത്തുന്ന പണം ബാംഗ്ലൂരിലെ എ ടി എം സെന്ററുകളില്‍ നിന്നും പിന്‍വലിച്ച് ഇരുവരും പങ്കിട്ടെടുക്കാറാണ് പതിവ്. ഒന്നാം പ്രതിയായ മിഥുനിന്റെ പേരില്‍ കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷനില്‍ നേരത്തെ ഒരു കേസ് നിലവിലുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ തേടി നടക്കാവ് പോലീസിന് ഇതിന് മുമ്പും ബെഗളുരുവിലെത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.
ഇത്തവണ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നടക്കാവ് പ്രിന്‍സിപ്പല്‍ എസ് ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സി പി ഒ കെ ശ്രീനിവാസന്‍, എ അനികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ് പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.