Connect with us

Articles

കുട്ടികള്‍ ജയിച്ചാല്‍ ആര്‍ക്കാണ് ചേതം?

Published

|

Last Updated

കേരളത്തില്‍ എസ് എസ് എല്‍ സി പരീക്ഷ ക്ക് ഗ്രേഡിന് പകരം മാര്‍ക്ക് നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും മിനിമം 10 മാര്‍ക്കും ആകെ 180 മാര്‍ക്കും നേടിയ കുട്ടിക്ക് 30 മാര്‍ക്ക് മോഡറേഷന്‍ നല്‍കി ജയിപ്പിച്ച കാലം. എന്നാല്‍, ഇന്ന് ജൂണ്‍ ഒന്നിന് തുടങ്ങുന്ന തുടര്‍മൂല്യനിര്‍ണയത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് (സെമിനാര്‍, പ്രബന്ധങ്ങള്‍, മറ്റു പ്രവര്‍ത്തി പരിചയങ്ങള്‍) 20 ശതമാനം സി ഇ മാര്‍ക്കായി നല്‍കുന്നു. കൂടുതല്‍ കാര്യക്ഷമമായി ഇങ്ങനെ കുട്ടികള്‍ക്ക് മാര്‍ക്ക് കിട്ടുന്നതില്‍ എവിടെയാണ് “വാരിക്കോരി കൊടുക്കല്‍”?
സര്‍വകലാശാല തലങ്ങളിലും കോളജ് തലങ്ങളിലും ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന പരാതികള്‍ പതിവാകുമ്പോഴാണ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 20ഉം ചുരുങ്ങിയത് 18 മാര്‍ക്കും നല്‍കണമെന്ന വിധത്തില്‍ കുട്ടികളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കുന്നത്. 40 ശതമാനം കുട്ടികള്‍ പരാജയപ്പെട്ടാല്‍ അതില്‍ ചുരുങ്ങിയത് 10 കുട്ടികളെങ്കിലും ആത്മഹത്യ ചെയ്താല്‍ സന്തേഷിക്കുമോ ഈ വിജയങ്ങളെ വിമര്‍ശിക്കുന്നവര്‍? എസ് എസ് എല്‍ സി ഫലം അറിഞ്ഞതിന് ശേഷം ആത്മഹത്യാ വാര്‍ത്തകള്‍ പതിവായി കേട്ടിരുന്നു ഒരുകാലത്ത്. ഇന്ന് ആ വാര്‍ത്തകളില്ല. കുട്ടികളെല്ലാം സന്തോഷവാന്മാരാണ്. എല്ലാവരും പഠിക്കട്ടെ വിജയിക്കട്ടെ മിടുക്കരാകട്ടെ.
1972-73ല്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് “ഓള്‍ പാസ്” നല്‍കാന്‍ തീരുമാനിച്ചു. ഇത് അന്നത്തെ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയുടെ പേരില്‍ “ചാക്കീരി പാസ്” എന്ന് വിമര്‍ശ പരമായി പിന്നീട് അറിയപ്പെട്ടു. എന്നാല്‍ ഇന്ന് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം വഴി ഒന്ന് മുതല്‍ എട്ട് വരെ “ആള്‍ പാസ്” തീരുമാനമായി. എന്നുവെച്ചാല്‍ ചാക്കീരി പാസിന് ദേശീയ അംഗീകാരം കിട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ വഴിയേ പിന്നീട് പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറും വരുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.
മികവുള്ളവര്‍ തമ്മിലാണ് മത്സരം. അവിടെ കൂടുതല്‍ മികവുള്ളവര്‍ ആദ്യം വിജയിക്കും ബാക്കിയുള്ളവര്‍ തൊട്ടടുത്തായി വിജയിക്കും. എ പ്ലസ് മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അതേ സ്‌കൂളില്‍ പ്ലസ്ടു പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നമ്മുടെ സംസ്ഥാനത്ത്. എ പ്ലസ്, എ, ബി പ്ലസ് തുടങ്ങിയ ഗ്രേഡുകാര്‍ക്കാണ് മികച്ച സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം സാധ്യമാകൂ. അല്ലാത്തവര്‍ അതില്‍ താഴെ മികവുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്നു.
പരാജപ്പെട്ട് “റിപ്പീറ്റ്” ചെയ്യുന്നതിനെക്കാള്‍ നല്ലതാണ് തുടര്‍പഠനത്തിന് യോഗ്യതനേടി വിജയിക്കുന്നത്. പോളിയോ ഐ ടി ഐയോ അങ്ങനെ മറ്റേതെങ്കിലുമോ തിരഞ്ഞെടുത്ത് ജോലി നേടാന്‍ അത് ഉപകരിക്കും. അതല്ല അവര്‍ ട്യൂട്ടോറിയലില്‍ പോയി പഠിച്ചേ ഒക്കൂ എന്നാണോ ഈ വിമര്‍ശകര്‍ ആഗ്രഹിക്കുന്നത്? വിമര്‍ശകരേ, നിങ്ങള്‍ ട്യൂട്ടോറിയല്‍ ഉടമസ്ഥ സംഘം സംസ്ഥാന ഭാരവാഹികളാണോ? സി ബി എസ് ഇക്ക് 99 ശതമാനം വിജയമുണ്ടായ കഴിഞ്ഞ വര്‍ഷം ഈ വിമര്‍ശകര്‍ എവിടെയായിരുന്നു? സാധാരണക്കാരുടെ കുട്ടികള്‍ ഊണും ഉറക്കവും ഒഴിച്ച് പഠിച്ച്, രാത്രികാല സ്‌പെഷ്യല്‍ ക്ലാസുകളിലൂടെയും അധ്യാപകരുടെയും പി ടി എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്വാനത്തിലൂടെയും വിജയശതമാനം ഉയര്‍ന്നാല്‍ നിലവാരമില്ലെന്ന് ആക്ഷേപം. ഉന്നത വിദ്യാഭ്യാസ വിചക്ഷണര്‍, കരിക്കുലം കമ്മിറ്റി, ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഇവരൊക്കെ തീരുമാനിക്കുന്നതനുസരിച്ച് പഠിക്കാനും അതില്‍ വിജയിക്കാനുമാണ് കുട്ടികള്‍ക്ക് കഴിയുക. അങ്ങനെയാണ് ചെയ്തതും. അല്ലാതെ കുട്ടികള്‍ തീരുമാനിച്ച് അവര്‍ തന്നെ സിലബസുണ്ടാക്കി പരീക്ഷയെഴുതി വിജയിക്കുകയല്ല ചെയ്തത്.
മാറ്റങ്ങള്‍ വേണമെങ്കില്‍ കൂട്ടായ ചര്‍ച്ചയും ബദല്‍ നിര്‍ദേശവും വേണം. നിലവിലുള്ളതിന്റെ പോരായ്മകള്‍ ആക്ഷേപമായി വരുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പത്ത് വര്‍ഷത്തെ പരീക്ഷണം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തണം. അല്ലാതെ സിലബസും പഠനരീതിയും പരീക്ഷയും നടത്തിയിട്ട് ഫലം വരുമ്പോഴുള്ള ഈ “നെറ്റി ചുളിക്കല്‍” അത്ര നല്ലതല്ല.
പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ ശ്രദ്ധയും അവധാനതയും വേണ്ടിയിരുന്നു. എവിടെയാണ് പിഴവുണ്ടായതെന്ന് അന്വേഷണം നടത്തി കണ്ടുപിടിക്കണം. തെറ്റ് ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. ഉദ്യോഗസ്ഥ അട്ടിമറിയുണ്ടോ? ഉദ്യോഗസ്ഥര്‍ തമ്മിലുള്ള നിസ്സഹകരണമുണ്ടോ? തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ബോധപൂര്‍വമുള്ള താമസം വരുത്തിച്ചോ? രാഷ്ട്രീയ പകപോക്കലുണ്ടോ? എന്നിവയെല്ലാം അന്വേഷിക്കണം.
മൂല്യനിര്‍ണയ ക്യാമ്പിന്റെ പ്രവര്‍ത്തനം, ഫലം അപലോഡ് ചെയ്തതിലെ വീഴ്ച, ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ കഴിയാത്തത്, പരീക്ഷാ ഭവനിലെ സിസ്റ്റം അനലിസ്റ്റിന്റെ പരിചയക്കുറവ്, സി ഡി, സോഫ്റ്റ്‌വെയര്‍ തകരാര്‍ തുടങ്ങി മുഴുവന്‍ സാങ്കേതിക വശങ്ങളും അന്വേഷിക്കണം. കുറ്റക്കാര്‍ ആര്? തെറ്റ് എങ്ങനെ സംഭവിച്ചു? എന്നതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് ധവളപത്രം പുറത്തിറക്കണം. എങ്കിലേ ഇത്തവണത്തെ വീഴ്ചയില്‍ മന്ത്രിക്ക് പങ്കില്ലെന്ന് സമൂഹം കരുതൂ.
വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ചാല്‍ എന്താണ് തെറ്റ്? ആര്‍ക്കാണ് ഇത് ഇഷ്ടപ്പെടാത്തത്? കണ്ണ് വെച്ച കസേര കിട്ടാത്തപ്പോള്‍ ഇരിക്കുന്നവര്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന് രീതിയിലുള്ള വിമര്‍ശങ്ങള്‍ തള്ളിക്കളയണം. കുറ്റമറ്റ രീതിയില്‍ പരീക്ഷയും മൂല്യ നിര്‍ണയവും ഫലപ്രഖ്യാപനവും നടത്തുന്ന മന്ത്രി തന്നെ ജനങ്ങളെ മാധ്യമങ്ങള്‍ വഴി അറിയിക്കാനാണ് തയ്യാറാകേണ്ടത്. അല്ലാതെ ഒരു പ്രശ്‌നത്തിന്റെ പശ്ചാതലത്തില്‍ ഒളിച്ചോടലല്ല.
കേരളത്തില്‍ എല്ലാ മന്ത്രിമാരും തുടര്‍ന്നു പോരുന്ന ഒരു “പ്രാക്ടീസ്” അബ്ദുര്‍റബ്ബും പിന്തുടര്‍ന്നു എന്ന് മാത്രം. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ കാര്യങ്ങളറിയാതെ മാധ്യമങ്ങളും അവര്‍ക്ക് എരിവ് പകരുന്ന എം എല്‍ എയും രംഗത്തുവരുമ്പോള്‍ പഠിച്ച് പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുട്ടികളെ കാണാതെ പോകരുത്.

                                                                       (എം എസ് എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)