ചരിത്ര ഹത്യ

Posted on: April 27, 2015 5:20 am | Last updated: April 26, 2015 at 8:57 pm

വര്‍ത്തമാന കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് ചരിത്രം. ഗതകാലത്തെ കലര്‍പ്പില്ലാതെ പുനരാനയിച്ചാല്‍ മനുഷ്യരെ പ്രചോദിപ്പിക്കാനും പ്രതികരണക്ഷമതയുള്ളവരാക്കാനും വിപ്ലവകാരികളാക്കാനും സാധിക്കും. ഇതേ ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കി പ്രചരിപ്പിച്ചാല്‍ നാഗരികതകളെ തമ്മില്‍ ഏറ്റുമുട്ടിക്കാം. കലാപങ്ങള്‍ക്ക് വെടിമരുന്നിടാം. സംശയങ്ങളും അപഹാസങ്ങളും അവഹേളനങ്ങളും സൃഷ്ടിക്കാം. മനുഷ്യരെ അകറ്റാം. ഈജിപ്തിലും ഇറാഖിലും സിറിയയിലുമെല്ലാം സംഘര്‍ഷങ്ങളും ഭരണഅസ്ഥിരതകളും അരങ്ങേറുമ്പോള്‍ സുസ്ഥിരമായി നിലകൊള്ളുകയും മേഖലയിലെ പ്രശ്‌നങ്ങളില്‍, പ്രത്യയശാസ്ത്ര പ്രചോദിതമാണെങ്കിലും, കൃത്യമായി അഭിപ്രായം പറയുകയും ചെയ്യുന്ന തുര്‍ക്കിക്കെതിരെ ചരിത്രത്തെ ആയുധമാക്കാന്‍ സംഘടിതമായ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് നടന്ന അര്‍മേനിയന്‍ കൂട്ടക്കൊലയാണ് വിഷയം. 1915ല്‍ ഉസ്മാനിയ്യ (ഓട്ടോമന്‍) ഭരണകൂടം നടത്തിയ കൂട്ടക്കുരുതിയെച്ചൊല്ലിയാണ് വാഗ്വാദം നടക്കുന്നത്. കൂട്ടക്കുരുതിയുടെ നല്ല പങ്കും നടന്നുവെന്ന് കരുതപ്പെടുന്ന ഏപ്രില്‍ 24ന് അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള അര്‍മേനിയന്‍ വംശജര്‍ ഒത്തുചേര്‍ന്നു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികാചരണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡേ, റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ അടക്കം നിരവധി ലോകനേതാക്കള്‍ പങ്കെടുത്തു. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ തഖ്‌സീം ചത്വരത്തിലും അനുസ്മരണ പരിപാടികള്‍ നടന്നു. തുര്‍ക്കിയില്‍ ഇതൊടൊപ്പം മറ്റൊരു ആഘോഷം കൂടി നടന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യശക്തികള്‍ക്കെതിരെ തുര്‍ക്കി സൈന്യം നേടിയ ഉജ്ജ്വല ചെറുത്തു നില്‍പ്പ് വിജയത്തിന്റെ ആഘോഷമായിരുന്നു അത്. ഗാളിപോളി വിജയമെന്ന് ഇത് വിളിക്കപ്പെടുന്നു.
അര്‍മേനിയന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികാഘോഷത്തിന് ഇത്രമേല്‍ മാധ്യമ പ്രാധാന്യം കൈവന്നത് കത്തോലിക്കാ സഭാ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് നടത്തിയ ഇടപെടലിലൂടെയാണ്. വളരെക്കാലമായി അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന ഒരു കുറ്റാരോപണം പോപ്പ് എടുത്തുപറഞ്ഞതോടെ വലിയ ചര്‍ച്ചക്ക് തുടക്കമാകുകയായിരുന്നു. അന്നത്തെ തുര്‍ക്കി ഭരണകര്‍ത്താക്കള്‍ അര്‍മേനിയന്‍ വംശജരെ വംശഹത്യക്ക് വിധേയരാക്കുകയായിരുന്നുവെന്നാണ് പോപ്പ് പ്രഖ്യാപിച്ചത്. 20-ാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയാണിതെന്നും വംശീയ ഉന്‍മൂലനം തന്നെയായിരുന്നു ഓട്ടോമന്‍ ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ആധുനിക തുര്‍ക്കി ഈ ചരിത്രസത്യം അംഗീകരിക്കാന്‍ തയ്യാറാകണം. വംശഹത്യയുടെ ഉത്തരവാദിത്വം ഏല്‍ക്കണമെന്നും പോപ്പ് പറഞ്ഞു. അന്ന് കൊല്ലപ്പെട്ട മുഴുവന്‍ പേരെയും (15 ലക്ഷം പേരെന്നാണ് കണക്ക്) പോപ്പ് വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാദ്യമായാണ് സഭ ഇത്രയും പേരെ ഒറ്റയടിക്ക് വിശുദ്ധരാക്കുന്നത്. കൂട്ടക്കൊലയെ വംശഹത്യയായി ലോകം അംഗീകരിക്കുന്ന ഈ മുഹൂര്‍ത്തം നീതിനിഷേധത്തിന്റെ നൂറു വര്‍ഷങ്ങളെ പിന്നിലാക്കുന്നുവെന്നാണ് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത അര്‍മേനിയന്‍ പ്രസിഡന്റ് സെര്‍ഷ് സഗ്‌സ്യാന്‍ പറഞ്ഞത്.
എന്നാല്‍, തുര്‍ക്കി ഈ വംശഹത്യാ ആരോപണത്തെ അംഗീകരിക്കുന്നില്ല. അര്‍മേനിയന്‍ വംശഹത്യ കളവാണ്. 1915ല്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകം ആയിരുന്നില്ല. ഇരു ഭാഗത്തും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വംശീയ ഉന്‍മൂലനം ആയിരുന്നില്ല ലക്ഷ്യം. മറിച്ച് സ്വന്തം രാഷ്ട്രം സംരക്ഷിക്കാനാണ് ഉസ്മാനിയ്യ ഭരണകൂടം ശ്രമിച്ചത്. അര്‍മേനിയന്‍ ജനതയില്‍ നല്ലൊരു വിഭാഗം രാഷ്ട്രവിരുദ്ധ ദൗത്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അന്നത്തെ ഭരണകൂടത്തിന് ശക്തമായ നടപടി സ്വീകരിക്കേണ്ടിവന്നു. റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ സാമ്രാജ്യത്വ ശക്തികളുമായി കൈകോര്‍ക്കുകയാണ് അര്‍മേനിയന്‍ ജനത ചെയ്തത്. അതുകൊണ്ട്, യുദ്ധമാണ് നടന്നത്. തുര്‍ക്കിയും സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള യുദ്ധം. ഇതാണ് തുര്‍ക്കിയുടെ വാദം. അര്‍മേനിയക്കാര്‍ നാടുകടത്തപ്പെട്ടുവെന്നതും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നതും വസ്തുതയാണെന്ന് തുര്‍ക്കി അംഗീകരിക്കുന്നു. (മരണം മൂന്ന് ലക്ഷമെന്നാണ് തുര്‍ക്കിയുടെ കണക്ക്). അര്‍മേനിയന്‍ പ്രതിനിധിയെ ക്ഷണിച്ചുവരുത്തി ചര്‍ച്ച നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തയ്യാറായിട്ടുമുണ്ട്. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഈയിടെ തുര്‍ക്കിയുടെ വാദം ഭാഗികമായി അംഗീകരിച്ചിരുന്നു. എഡ്വേര്‍ഡ് എറിക്‌സണെപ്പോലുള്ള ചരിത്രകാരന്‍മാരും വംശഹത്യാ വാദത്തെ തള്ളിക്കളയുന്നു.
ചരിത്ര സംഭവങ്ങളെ അതിന്റെ വിശാല പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തി അവതരിപ്പിക്കുന്നതിനുപകരം സമഗ്രമായ പരിശോധനകള്‍ക്ക് വിധേയമാക്കി തീര്‍പ്പിലെത്തുകയാണ് വേണ്ടത്. പോപ്പ് നടത്തിയത് പോലുള്ള ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍ അപകടകരമാണ്. ആ പ്രഖ്യാപനത്തോടെ മതപരവും രാഷ്ട്രീയവുമായ ധ്രുവീകരണത്തിന്റെ തലം കൈവരുന്നുണ്ട്. യൂറോപ്പിന് കൊള്ളാത്ത രാജ്യമാണ് തുര്‍ക്കിയെന്ന പതിവ് പല്ലവിക്ക് അത് ശക്തിപകരുന്നു. ഒറ്റപ്പെടുത്തേണ്ട രാജ്യമാണ് തുര്‍ക്കിയെന്ന സന്ദേശവും അതിലുണ്ട്. മാത്രമല്ല, ക്രിസ്ത്യന്‍ മേധാവിത്വത്തിനും കോളനി വാഴ്ചക്കുമായി നടന്ന കൂട്ടക്കൊലകളെ ഒന്നാകെ വിസ്മൃതിയിലേക്ക് തള്ളിവിടുന്നുണ്ട് പോപ്പിന്റെ വിശുദ്ധതാ പ്രഖ്യാപനം. ഇവിടെ തുര്‍ക്കി ചെയ്യേണ്ടത് തങ്ങളുടെ രാജ്യത്ത് അവശേഷിക്കുന്ന അര്‍മേനിയക്കാരെ കൂടുതല്‍ സ്‌നേഹവായ്‌പോടെ ഉള്‍ക്കൊള്ളുകയും സംവാദത്തെ സഹിഷ്ണുതാ പൂര്‍വം അനുവദിക്കുകയുമാണ്. ചരിത്രത്തിലെ ചോരപ്പാടുകള്‍ മായ്ക്കാനാകില്ല. പക്ഷേ, ആ മുറിവുകളില്‍ പിന്നെയും കത്തിയിറക്കാതിരിക്കാം.