Connect with us

Kozhikode

ആവേശവും കൗതുകവുമായി നഗരത്തില്‍ ലോഫ്‌ളോര്‍ ബസുകള്‍ ഓടിത്തുടങ്ങി

Published

|

Last Updated

കോഴിക്കോട്: യാത്രക്കാരിലും കാഴ്ചക്കാരിലും ആവേശവും കൗതുകവും ഉണര്‍ത്തി ലോ ഫ്‌ളോര്‍ ബസുകള്‍ കോഴിക്കോട് നഗരവീഥിയിലൂടെ കുതിച്ച് തുടങ്ങി. നഗര ഗതാഗതത്തിന്റെ മുഖച്ഛയ തന്നെ മാറ്റുന്ന ലോ ഫ്‌ളോര്‍ ബസിന്റെ കന്നി യാത്രയില്‍ തന്നെ കയറിപറ്റാന്‍ നൂറ്കണക്കിന് പേരാണ് ഉദ്ഘാടനം നടന്ന മുതലക്കുളം മൈതാനിക്ക് സമീപം എത്തിയത്. മേയര്‍ എ കെ പ്രേമജത്തിന്റെ അധ്യക്ഷതയില്‍ നഗര വികസന മന്ത്രി മഞ്ഞളാംകുഴി ഫഌഗ് ഓഫ് കര്‍മം നിര്‍വഹിച്ചതോടെ കെ യു ആര്‍ ടി സിയുടെ പുതുപുത്തന്‍ ലോ ഫ്‌ളോര്‍ ബസിനകത്തേക്ക് ജനങ്ങളുടെ ഒരു ഇരച്ച് കയറ്റമായിരുന്നു. വര്‍ണ ബലൂണുകളും തോരണങ്ങളും തൂക്കിയ ബസില്‍ എ സിയുടെ ശീതളച്ഛായയില്‍ എഫ് എം റേഡിയോയില്‍ നിന്നുള്ള പാട്ട് ആസ്വദിച്ച് അവര്‍ കന്നിയാത്ര തുടങ്ങി. യാത്രക്കാരുടെ കൂട്ടത്തില്‍ മന്ത്രിക്കൊപ്പം മേയറും എം എല്‍ എയും മാധ്യമപ്രവര്‍ത്തകരുമെല്ലാം പങ്കുകൊണ്ടു. മുതലക്കുളത്ത് നിന്ന് ബസ് നീങ്ങിത്തുടങ്ങിയതോടെ യാത്രക്കാര്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ചിലര്‍ ബസില്‍ നിന്ന് തുടരെ സെല്‍ഫികള്‍ എടുത്തുകൊണ്ടിരുന്നു. യാത്രക്കാരും ബസ് കടന്നുപോകുന്ന വഴിയിലൂടെയുള്ള യാത്രക്കാരും പരസ്പരം കൈവീശി.
മുതലക്കുളത്ത് നിന്ന് പാളയം വഴി റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് വഴി സഞ്ചരിച്ച ബസ് ലിങ്ക് റോഡില്‍ നിന്ന് ഒയിറ്റി റോഡ് ജംഗ്ഷനിലൂടെ മാനാഞ്ചിറ ചുറ്റി മുതലക്കുളത്ത് തിരിച്ചെത്തി. തുടര്‍ന്ന് ആറ് എ സി ബസുകളും ഒരു നോണ്‍ എ സി ലോ ഫ്‌ളോറും പല സമയങ്ങളിലായി സര്‍വീസ് ആരംഭിച്ചു. ഏഴ് എ സി ബസും ഒരു നോണ്‍ എ സി ബസുമാണ് ഫഌഗ് ഓഫ് ചടങ്ങിലെത്തിച്ചത്. ഇന്ന് മുതല്‍ നേരത്തെ നിശ്ചയിച്ച റൂട്ടുകള്‍ പ്രകാരം ബേപ്പൂര്‍, എലത്തൂര്‍, മുക്കം, ബാലുശ്ശേരി, തിരൂര്‍, പാലക്കാട്, വഴിക്കടവ് എന്നിവിടങ്ങളിലേക്ക് ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്തും.
രോഗികള്‍ക്കും വൃദ്ധര്‍ക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ കയറാമെന്നതാണ് ലോഫ്‌ളോര്‍ ബസിന്റെ സവിശേഷത. അകത്ത് വിസ്താരമേറെയായതിനാല്‍ നിന്നു യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. ബസിനകത്തുതന്നെ രണ്ട് തട്ടിലായാണ് സീറ്റുകള്‍. വെയില്‍ അടിക്കാത്ത തരം ഗ്ലാസുകളാണുള്ളത്. ഓരോ സ്റ്റോപ്പിലെത്തുമ്പോഴും സ്ഥലത്തിന്റെ പേരുകള്‍ ഇംഗഌഷിലും മലയാളത്തിലും അനൗണ്‍സ് ചെയ്യും. ബസിനകത്തെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സ്ഥലത്തിന്റെ പേരുകള്‍ തെളിയുകയും ചെയ്യും. തിരുവമ്പാടി റൂട്ടില്‍ നോണ്‍ എ സി ബസാണ് ഓടുക. ബസ് നിരക്ക് എ സി, നോണ്‍ എ സി എന്നീ ക്രമത്തില്‍: കരിപ്പൂര്‍ (50 രൂപ, 24 രൂപ), താമരശ്ശേരി (54, 26), കുന്നമംഗലം (30, 15), മുക്കം (54, 26), ബാലുശ്ശേരി (46, 22), ബേപ്പൂര്‍ ( 24,12), എലത്തൂര്‍ (28,14), അടിവാരം (76, 36), പാലക്കാട് (222,105), തിരൂര്‍ (84,40), പൊന്നാനി (120, 57).