Connect with us

Kannur

ഹൈദരലിയുടെ തിരുവങ്ങാട് ക്ഷേത്രം ആക്രമണം കെട്ടുകഥയെന്ന് ഗവേഷകന്‍

Published

|

Last Updated

തലശ്ശേരി: മൈസൂര്‍ സുല്‍ത്താന്‍ ഹൈദരലി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം അക്രമിച്ചിരുന്നുവെന്നും ഇതിനായി ഉപയോഗിച്ചിരുന്ന പീരങ്കിയുണ്ടകളാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ളതെന്നുമുള്ള വാദം ചരിത്ര നിഷേധമാണെന്ന് ഗവ. ബ്രണ്ണന്‍ കോളജ് ചരിത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. എ വത്സലന്‍. 1766ലെ ഹൈദരുടെ പടയോട്ടക്കാലത്ത് തലശ്ശേരി പ്രദേശം ഇംഗ്ലീഷുകാരുടെ അധീനതയിലായിരുന്നു. ചിറക്കല്‍ രാജ കുടുംബാംഗങ്ങള്‍ക്ക് തിരുവങ്ങാട് അഭയം നല്‍കിയതില്‍ ഇംഗ്ലീഷുകാരോട് പ്രതിഷേധമുണ്ടായിരുന്നെങ്കിലും തിരുവങ്ങാടിനെ അക്രമിക്കാന്‍ ആ ഘട്ടത്തില്‍ ഹൈദരലിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. മൈസൂര്‍ സുല്‍ത്താന്റെ ലക്ഷ്യം കോഴിക്കോടായിരുന്നു. ചിറയ്ക്കലില്‍ നിന്ന് രണ്ടുതറയില്‍ പ്രവേശിച്ച ശേഷം 1766 മാര്‍ച്ച് 15ന് മൈസൂര്‍ സൈന്യം കോട്ടയം രാജാവിന്റെ അധീനതയിലുള്ള പ്രദേശത്തേക്കാണ് കടന്നത്. അവിടെ നിന്ന് മാര്‍ച്ച് 28ന് കടത്തനാട്ടേക്ക് പ്രവേശിച്ചപ്പോഴാണ് മൈസൂര്‍ സൈന്യത്തില്‍ ഏറ്റവും വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നത്.

ഈ ഏറ്റുമുട്ടല്‍ നടന്നത് തലശ്ശേരി തിരുവങ്ങാടിനടുത്ത പെരിങ്കളം വയലിലല്ല. മറിച്ച് മാഹിപ്പുഴയുടെ തീരത്തുള്ള പെരിങ്കളം(പെരിങ്ങത്തൂര്‍) കടത്തിനടുത്തായിരുന്നുവെന്ന് വില്യം ലോഗന്‍ സൂചിപ്പിക്കുന്നുണ്ടെന്നും ഡോ. വത്സലന്‍ ചൂണ്ടിക്കാട്ടുന്നു. തലശ്ശേരി പ്രദേശത്ത് പീരങ്കി ആദ്യമായി കൊണ്ടുവന്നതും ഹൈദരാലിയല്ല. 1498ല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ തന്നെ മലബാര്‍ തീരത്ത് പീരങ്കിയെത്തിയിരുന്നു.
മീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൈന്യവും പോര്‍ച്ചുഗീസുകാരുമായി പീരങ്കിയാക്രമണം 1503ല്‍ മലബാര്‍ തീരത്ത് നടന്നതിനും രേഖയുണ്ട്. 1505ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കണ്ണൂര്‍ കോട്ടയിലും 1708ല്‍ ഇംഗ്ലീഷുകാര്‍ നിര്‍മിച്ച തലശ്ശേരി കോട്ടയിലും പീരങ്കികള്‍ സ്ഥാപിച്ചിരുന്നു. ഇംഗ്ലീഷുകാര്‍ ഫ്രാസ്പഗോഡ എന്ന് വിളിച്ച പ്രമുഖ ആരാധനാലയമായ തിരുവങ്ങാട് ക്ഷേത്രത്തിനെതിരെ ഹൈദരലി ആക്രമണം നടത്തിയിരുന്നെങ്കില്‍ പ്രാധാന്യത്തോടെ അത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമായിരുന്നു.
ഹൈദരലിയെയും മകന്‍ ടിപ്പു സുല്‍ത്താനെയും ഹിന്ദുമതവിദ്വേഷികളായും ചിത്രീകരിക്കാന്‍ ലഭ്യമായ ഒരു അവസരവും ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പാഴാക്കിയിരുന്നില്ലെന്നതും ചരിത്ര വസ്തുതയാണ്.
ക്ഷേത്രത്തിനെതിരെ ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ വന്നുപതിച്ച പീരങ്കിയുണ്ടകള്‍ ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചുവന്നത് വിശ്വാസത്തിനും യുക്തിക്കും നിരക്കുന്നതല്ല. കാലാകാലങ്ങളായി തലശ്ശേരി പ്രദേശത്ത് പടുത്തുയര്‍ത്തിയ മതസൗഹാര്‍ദവും മതനിരപേക്ഷ സാമൂഹിക അടിത്തറയും ദുര്‍ബലപ്പെടുത്തുന്നതാണ് “ചരിത്രസാക്ഷ്യമായി ക്ഷേത്രത്തിലെ പീരങ്കിയുണ്ടകള്‍” എന്ന വാര്‍ത്തയെന്നും ഡോ. വത്സലന്‍ വിശദീകരിക്കുന്നു.