ഹബ്ബിള്‍ ഭ്രമണപഥത്തില്‍ എത്തിയിട്ട് 25 വര്‍ഷം

Posted on: April 24, 2015 11:35 pm | Last updated: April 24, 2015 at 11:35 pm

teleവാഷിങ്ടണ്‍: ബഹിരാകാശ ശാസ്ത്ര രംഗത്ത് വന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് കാരണമായ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ് കാല്‍നൂറ്റാണ്ട് പിന്നിട്ടു. 1990 ഏപ്രില്‍ 24നാണ് നാസയുടെ ഡിസ്‌കവറി പേടകം 250 കോടി ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ഹബ്ബിള്‍ ടെലിസ്‌കോപ് ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യത്തെ ബഹിരാകാശ ടെലസ്‌കോപ്പല്ല ഇതെങ്കിലും ഭൂമിയുടെ അടുത്ത ഭ്രമണപഥത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ടെലിസ്‌കോപ്പാണിത്.
അള്‍ട്രാവൈലറ്റ്, ദ്യശ്യങ്ങള്‍, സമീപത്തെ ഇന്‍ഫ്രാറെഡ് പ്രകാശം എന്നിവയെ പിടിച്ചെടുക്കാനായി 2.4 മീറ്റര്‍ കണ്ണാടി, നാല് പ്രധാന സെന്‍സറുകള്‍ എന്നിവ ഈ ഉപകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 വര്‍ഷത്തെ സേവനത്തിനിടക്ക് ബഹിരാകാശത്തു നിന്ന് സുപ്രധാനമായ നിരവധി ചിത്രങ്ങള്‍ ഹബ്ബിള്‍ ഭൂമിയിലേക്കയച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ പ്രായം, നക്ഷത്രങ്ങളുടെ പിറവിയും അന്ത്യവും തമോഗര്‍ത്തത്തിന്റെ സാന്നിധ്യവുമൊക്കെ ഹബ്ബിള്‍ ചിത്രങ്ങളാക്കി.
1970 കളില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി പരമ്പര ആസൂത്രണം ചെയ്തു. ഈ പരമ്പരയിലെ ആദ്യ അംഗമായ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ് 30 വര്‍ഷത്തിന് ശേഷം 1990കളിലാണ് പ്രാവര്‍ത്തികമാകുന്നത്. പ്രപഞ്ചം വികസിക്കകയാണെന്ന കണ്ടെത്തല്‍ നടത്തിയ എഡിന്‍ ഹബ്ബിളിന്റെ പേര് ടെലിസ്‌കോപിന് നല്‍കുകയായിരുന്നു. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവുമുള്ള ഹബ്ബിളിന് 11,110 കിലോ ഭാരവുമുണ്ട്. ഭൂമിയില്‍നിന്നും 575 കി.മീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തില്‍ ചുറ്റി സഞ്ചരിച്ച് പ്രപഞ്ച നിരീക്ഷണം നടത്തുന്ന ഹബ്ബിളിന് ഭൂമിയെ ഒരു തവണ വലംവെക്കാന്‍ 96 മിനുട്ട് മതി.