Connect with us

Malappuram

ചോക്കാടില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നോട്ടീസ്; പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

കാളികാവ്: മാവോയിസം ഭീകരവാദം അല്ലാ….അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുള്ള വഴികാട്ടിയാണ്.
ചോക്കാട് ലഹരിയും കള്ളപ്പണവും ഒഴുകുന്നു എന്നീ തലക്കെട്ടുകളോടെ ചോക്കാടും പരിസര പ്രദേശങ്ങളിലും നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടു. സി പി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട മേഘലാ കമ്മറ്റി എന്ന പേരിലാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് പ്രദേശത്ത് നോട്ടീസ് കണ്ടെത്തിയത്.
കേളുനായര്‍പടി, കല്ലാമൂല, ചോക്കാട് എന്നീ പ്രദേശങ്ങളിലാണ് നോട്ടീസുകള്‍ കാണപ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ചോക്കാട് മേഖലയില്‍ നടത്തുന്ന ലഹരി വിതരണത്തിനെതിരെ ജനകീയ പ്രതിരോധത്തിന് നോട്ടീസില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ചോക്കാടില്‍ കാട്ടാന ശല്ല്യത്തിനെതിരേയും ആദിവാസികളുടെ മണ്ണ് കയ്യേറിയ സ്വകാര്യ വ്യക്തികള്‍ അത് തിരിച്ചേല്‍പിക്കുക, പ്രദേശത്തെ ആദിവാസി കുടിലുകളെ മദ്യ വിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും നോട്ടീസില്‍ ഉണ്ട്.
ചോക്കാടിലെ ദമ്പന്ധികളുടെ പേര് വെച്ച് കള്ളനോട്ടും കുഴല്‍പണവും വിതരണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നോട്ടീസില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സജീവ സി പി എം പാര്‍ട്ടി പ്രവര്‍ത്തകരായ കുടുംബത്തെയാണ് നോട്ടീസില്‍ പേരെടുത്ത് പറഞ്ഞത്. വ്യക്തി വിരോധം തീര്‍ക്കാന്‍ മാവോയിസ്റ്റുകളുടെ പേരില്‍ നോട്ടീസടിച്ചിറക്കിയതാണെന്ന് സി പി എം ചോക്കാട് ലോക്കല്‍ കമ്മറ്റി ആരോപിച്ചു. നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്നും പാര്‍ട്ടി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നടപടിയെ രാഷ്ട്രീയമായി നേരിടുമെന്നും സി പി എം നേതാക്കള്‍ പറഞ്ഞു. നോട്ടീസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാളികാവ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Latest