സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകാന്‍ സാധ്യതയെന്ന്

Posted on: April 24, 2015 5:03 am | Last updated: April 24, 2015 at 9:03 am

തിരുവനന്തപുരം: ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജ മദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സമെന്റിന്റെ ചുമതലയുള്ള അഡീഷണല്‍ എക്‌സൈസ് കമ്മിഷണറാണ് സര്‍ക്കുലിറക്കിയത്.
കള്ള് ഷാപ്പു വഴി വീര്യം കൂടിയ മദ്യം വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് കടത്തുന്നതിനാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം വേണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു
നിലവിലെ സാഹചര്യത്തില്‍ വ്യാജമദ്യമെത്താന്‍ സാധ്യതയുണ്ടെന്നും ഇത് തടയാന്‍ ഈ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നുമാണ് എന്‍ഫോഴ്‌സമെന്റിന്റെ ചുമതലയുള്ള അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ രാധാകൃഷ്ണന്റെ സര്‍ക്കുലര്‍.
ബിറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലൈറ്റുകളില്‍ നിന്നും വന്‍തോതില്‍ മദ്യം വാങ്ങി ഹോട്ടലുകളിലും വീടുകളിലും വില്‍പ്പന നടത്തും. കള്ള് വീര്യം കൂട്ടി വില്‍ക്കാനും സാധ്യതയുണ്ട്. സ്പിരിറ്റ് കടത്തുകാര്‍, കള്ളവാറ്റ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവരെ നിരീക്ഷണം. കള്ള് ഷാപ്പുകളില്‍ സാമ്പിള്‍ പരിശോധന കര്‍ശനമാക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് കടത്തുന്നുണ്ട്. ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം വേണം.
ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.