Connect with us

Gulf

പുതു തലമുറ മഖ്ദൂം രണ്ടാമനെ പഠിക്കാന്‍ ശ്രമിക്കണം: കെ കെ എന്‍ കുറുപ്പ്

Published

|

Last Updated

അബുദാബി: മഖ്ദൂം രണ്ടാമന്റെ ചരിത്രം പഠിച്ചവര്‍ക്ക് അസഹിഷ്ണുതയുണ്ടാവില്ലെന്നും മഖ്ദൂം രണ്ടാമനെക്കുറിച്ച് പുതു തലമുറ പഠിച്ചിരിക്കണമെന്നും പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യുനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറമായ കെ കെ എന്‍ കുറുപ്പ്. അന്തര്‍ ദേശീയ തലത്തില്‍ വേറിട്ടൊരു ചിന്തകനായിരുന്നു മഖ്ദൂം രണ്ടാമന്‍. പുതുതലമുറ മഖ്ദൂമുകളുടെ കൃതികളെക്കുറിച്ച് അജ്ഞരാണ്. ചരിത്രത്തില്‍ തന്നെ വേറിട്ടൊരു ശബ്ദമായിരുന്നു മഖ്ദൂമികളുടേത്.
മഖ്ദൂമുകള്‍ അറിയപ്പെടാതെ പോയതിന് കാരണം ഇന്നത്തെ പാഠ്യ പദ്ധതികളാണ്. സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തില്‍ മാറ്റം വന്നാലേ പുതുതലമുറ ചരിത്രകാരന്മാരെ കുറിച്ച് പഠിക്കുകയുള്ളൂ. മഖ്ദൂം രണ്ടാമനെ പോലെ തന്നെ ഒന്നാമനും അറിയപ്പെടുന്ന ചിന്തകനായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായിരുന്നു മഖ്ദൂം രണ്ടാമന്‍.
മഖ്ദൂമുകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനാണ് മഖ്ദൂം രണ്ടാമന്റെ ഏറ്റവും വലിയ ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീന്റെ പരിഭാഷ എഴുതാന്‍ തയ്യാറായതെന്നും കുറുപ്പ് സിറാജിനോട് പറഞ്ഞു.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന മഖ്ദൂം രണ്ടാമന് കേരളത്തില്‍ അര്‍ഹമായ അംഗീകാരം കിട്ടിയിട്ടില്ല. മഖ്ദൂമുകളെക്കുറിച്ച് പഠിച്ചവര്‍ക്ക് ജാതിയുടേയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കാന്‍ കഴിയില്ല.
രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ മുസ്‌ലിം സമൂഹത്തെ വഴിതിരിച്ച് വിടുന്നതിന് വേണ്ടി മഖ്ദൂം രണ്ടാമന്‍ എഴുതിയ ഗ്രന്ഥമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. ദാര്‍ശനികനും ചിന്തകനും ചരിത്രകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന മഖ്ദൂം രണ്ടാമന്‍ കേരളത്തിന്റെ പ്രിയ പുത്രനെന്നതിലുപരി കേരള-അറബ് സംസ്‌കാരങ്ങളുടെ പ്രതീകം കൂടിയായിരുന്നു. മൂന്ന് ഭാഷകളുടെ ഒരു സമാഹാരമാണ് തുഹ്ഫയുടെ പരിഭാഷ. ഏതൊരാള്‍ക്കും എളുപ്പത്തില്‍ വായിച്ച് ഗ്രഹിക്കാന്‍ കഴിയുന്ന ഭാഷയാണ് പരിഭാഷയില്‍ ഉപയോഗിച്ചിടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Latest