സൗജന്യ വൈ-ഫൈ ചാര്‍ജിംഗ് പോയന്റുമായി നഗരസഭ

Posted on: April 23, 2015 5:50 pm | Last updated: April 23, 2015 at 5:50 pm

smartpalm_22042015ദുബൈ: സൗജന്യ വൈ-ഫൈ ചാര്‍ജിംഗ് പോയന്റുമായി ദുബൈ നഗരസഭ രംഗത്ത്. ദുബൈയിലെ ഉദ്യാനങ്ങളില്‍ എത്തുന്നവര്‍ക്കായാണ് സ്മാര്‍ട് പാം എന്ന പേരില്‍ സൗജന്യ വൈ-ഫൈ സൗകര്യം ലഭ്യമാക്കുക. സ്മാര്‍ട് ഗാഡ്‌ഗെറ്റ്‌സ് ചാര്‍ജിംഗ് പോയന്റുകള്‍ ഉദ്യാനങ്ങളില്‍ സ്ഥാപിച്ചാവും ഇത് ലഭ്യമാക്കുക. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഏര്‍പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന ജൈറ്റക്‌സിലാണ് നഗരസഭ സൗജന്യ വൈ-ഫൈ ഏര്‍പെടുത്തുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഈന്തപ്പന മരത്തിന്റെ ആകൃതിയിലുള്ള കമ്യൂണിറ്റി ടെക് ഹബ്ബാണ് സ്മാര്‍ട് പാം സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച ആറു മീറ്റര്‍ ഉയരമുള്ളതാണ് ഇത്. സൗരോര്‍ജ പാനലിലാണ് ഇതിന്റെ മേല്‍കൂര സംവിധാനം ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് നിരവധി മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സബീല്‍ പാര്‍ക്കില്‍ ഗേറ്റ് നമ്പര്‍ ആറില്‍ സംവിധാനത്തിന്റെ ഇതിന്റെ ആദ്യ യൂണിറ്റ് ഉദ്ഘാടനം നഗസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത നിര്‍വഹിച്ചു. ഈ വര്‍ഷം ഇത്തരം 52 യൂണിറ്റുകള്‍ ഉദ്യാനങ്ങളില്‍ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ലൂത്ത വ്യക്തമാക്കി. ദുബൈ ക്രീക്ക് പാര്‍ക്ക്, അല്‍ മംസാര്‍, അല്‍ ബര്‍ഷ പോണ്ട് പാര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പെടും. ഇതോടൊപ്പം പ്രധാന ബീച്ചുകളിലും സ്മാര്‍ട് പാം പദ്ധതി നടപ്പാക്കും. ഒരേ സമയം 50 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡു വാണ് വൈ-ഫൈ സംവിധാനം ലഭ്യമാക്കുക. ഓരോ സ്മാര്‍ട് പാമിലും എട്ട് ചാര്‍ജിംഗ് പോയന്റുകളാണുണ്ടാവുക. സാധാരണ ചാര്‍ജിംഗ് പ്ലഗുകളെക്കാള്‍ രണ്ടര ഇരട്ടി വേഗത്തില്‍ ചാര്‍ജാവുമെന്നും അദ്ദേഹം പറഞ്ഞു.