പാം ജുമൈറക്ക് ചുറ്റും നീന്തി ആഫ്രിക്കക്കാരി ചരിത്രമെഴുതി

Posted on: April 23, 2015 5:46 pm | Last updated: April 23, 2015 at 5:46 pm

351574487ദുബൈ: പാം ജുമൈറക്ക് ചുറ്റുമുള്ള കടലിനെ വലംവെച്ച് തെക്കേ ആഫ്രിക്കക്കാരി ചരിത്രമെഴുതി. കെയ്‌റാന്‍ ബല്ലാസ് ട്രെമീര്‍ (38) എന്ന യുവതിയാണ് ഈ ഉദ്യമത്തിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറിയത്. ആദ്യമായാണ് ഒരു സ്ത്രീ ഈ നേട്ടത്തിലേക്ക് എത്തുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായായിരുന്നു നീന്തല്‍ യജ്ഞം. 28 മിനുട്ടിനകമാണ് കെയ്‌റാന്‍ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മിച്ച് കെന്നഡിയും ജര്‍മനിയില്‍ നിന്നുള്ള തോബിയാസ് ഫ്രെന്‍സും ഇവര്‍ക്കൊപ്പം നീന്താന്‍ ഇറങ്ങിയിരുന്നു. ശനിയാഴ്ചയായിരുന്നു നീന്തല്‍ യജ്ഞം അരങ്ങേറിയത്. റെഡ്ക്രസന്റിന്റെ ഓണ്‍ലൈന്‍ ഡൊണേഷന്‍ പേജില്‍ സംഭാവന നല്‍കാമെന്ന് കെയ്‌റാന്‍ ബല്ലാസ് ട്രെമീര്‍ വ്യക്തമാക്കി. ദുബൈയിലെ നോര്‍ത്ത് അങ്കില ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ സംഗീതവും നീന്തലും അഭ്യസിപ്പിക്കുന്ന അധ്യാപികയാണ് ട്രെമീര്‍.
കടലില്‍ കാലുകുത്താന്‍ പോലും സാധിക്കാത്ത നാടാണ് തന്റെ തെക്കന്‍ ആഫ്രിക്കയെന്ന് യജ്ഞത്തിന് ശേഷം പ്രതികരിക്കവേ അവര്‍ പറഞ്ഞു. അപകടകാരികളായ വെള്ള സ്രാവുകളുടെ വിഹാരരംഗമാണ് അവിടുത്തെ കടലുകള്‍. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന പരിശീലനമാണ് ഇത്തരം ഒരു നേട്ടത്തിലേക്ക് എത്താന്‍ ഇടയാക്കിയതെന്നും കെയ്‌റാന്‍ വ്യക്തമാക്കി.
പരിശീലനത്തിന്റെ ഭാഗമായി പാം ജുമൈറക്ക് ചുറ്റും കഴിഞ്ഞ മൂന്നു മാസം ഇവര്‍ 14.5 കിലോമീറ്റര്‍ വീതം നീന്തിയിരുന്നു. ദുബൈയുടെ കടലില്‍ ഒഴിവാക്കാവുന്ന നിരവധി മുങ്ങിമരണങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും പരിശീലന നീന്തലില്‍ ശ്രമം നടത്തിയിരുന്നു. പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത് നീന്തല്‍ വശമില്ലാത്തതാണ്. മാതൃരാജ്യത്തും ഓസ്‌ട്രേലിയയിലുമെല്ലാം നന്നേ ചെറുപ്പത്തിലെ കുട്ടികള്‍ നീന്തല്‍ പരിശീലിക്കും. ദുബൈയില്‍ മനോഹരമായ ബീച്ചുണ്ടെങ്കിലും ഇത്തരം ഒരു പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നില്ലെന്നത് ഖേദകരമാണ്.
വെള്ളത്തില്‍ നിന്നു കുട്ടികളെ സുരക്ഷിതമാക്കാന്‍ അവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ വാട്ടര്‍ സെയ്ഫ്റ്റി ചാരിറ്റിക്ക് രൂപംനല്‍കാന്‍ പദ്ധതിയുണ്ട്. കുളങ്ങളിലാവും കുട്ടികളെ സുരക്ഷിതമായി നീന്തല്‍ പരിശീലിപ്പിക്കുകയെന്നും അവര്‍ വിശദീകരിച്ചു.