Connect with us

International

മയോട്ടെ റജബ്‌ ഫെസ്റ്റില്‍ ഖലീല്‍ തങ്ങള്‍ മുഖ്യാതിഥി

Published

|

Last Updated

മലപ്പുറം: ഫ്രാന്‍സിന്റെ അധീനതയിലുള്ള മായോട്ടെയില്‍ ഇന്ന് മുതല്‍ നടക്കുന്ന റജബ് സാംസ്‌കാരികാഘോഷത്തില്‍ മുഖ്യാതിഥിയായി മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാനും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ അധ്യക്ഷനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വടക്കന്‍ മൊസാംബിക് ചാനലിലുള്ള മായോട്ട ദ്വീപു സമൂഹത്തില്‍ മുപ്പതാം തിയ്യതി വരെ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഖലീലുല്‍ ബുഖാരി തങ്ങള്‍ കെനിയ വഴി യാത്ര തിരിച്ചു.

ഇന്ന് ഉച്ചക്ക് മയോട്ടയിലെ സഊസി എയര്‍പോര്‍ട്ടില്‍ എത്തുന്ന ഖലീല്‍ തങ്ങളെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കുന്നതിന് മയോട്ട ചിറോങി മേയര്‍ ഹനീമ ഇബ്‌റാഹീമിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റജബ് ഫെസ്റ്റിന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന ആദ്യ അതിഥി കൂടിയാണ് തങ്ങള്‍.

khaleel thangal at neyrobi

മയോട്ടയിലേക്കുള്ള യാത്രമധ്യേ ഖലീല്‍ തങ്ങള്‍ നെയ്റോബി വിമാനത്താവളത്തില്‍

മായോട്ടയില്‍ ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിംകളാണ്. വിശുദ്ധ റമസാനിനെ സ്വാഗതം ചെയ്തുകൊണ്ടും റജബ് മാസത്തിലെ ഇസ്‌റാഅ്-മിഅ്‌റാജ് പോലുള്ള വിശുദ്ധ വേളകളെ അനുസ്മരിച്ചുകൊണ്ടുമുള്ള വ്യത്യസ്ത ചടങ്ങുകള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ മായോട്ട നിവാസികള്‍ തങ്ങളുടെ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമുള്ള വേദിയായിക്കൂടിയാണ് റജബ് ഫെസ്റ്റിനെ കാണുന്നത്. വിവിധ യൂറോപ്യന്‍- ആഫ്രിക്കന്‍ നാടുകളില്‍ നിന്നുള്ള പ്രമുഖരും ഫെസ്റ്റിനെത്തുന്നുണ്ട്.

ഖലീല്‍ തങ്ങളെ റജബ് ഫെസ്റ്റിലേക്കു ക്ഷണിക്കുന്നതിന് ചിറോങി മേയറുടെ പ്രതിനിധി യൂനുസ് മുഖദ്ദര്‍ കഴിഞ്ഞമാസം കേരളത്തിലെത്തിയിരുന്നു. കെനിയ, കൊമോറസ് എന്നീ നാടുകളും ഖലീല്‍ തങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.