കണ്ണീര്‍മഴയില്‍ കുതിര്‍ന്ന് കോള്‍മേഖല; ആയിരത്തില്‍പരം ഏക്കര്‍ നെല്‍കൃഷി നശിച്ചു

Posted on: April 23, 2015 11:43 am | Last updated: April 23, 2015 at 11:43 am

ചങ്ങരംകുളം: ശക്തമായവേനല്‍ മഴയില്‍ പൊന്നാനി കോള്‍മേഖലയില്‍ വ്യാപകമായ കൃഷിനാശം. കൊയ്‌തെടുക്കാന്‍ പാകമായതും വിളഞ്ഞതുമായ നെല്‍ചെടികള്‍ കാലം തെറ്റിയെത്തിയവേനല്‍മഴയിലും കാറ്റിലും വെള്ളത്തിലായിരിക്കുകയാണ്.
ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷിയാണ് പൊന്നാനി കോള്‍മേഖലയിലെ വിവിധകോള്‍പടവുകളിലായി ഇനിയും കൊയ്‌തെടുക്കുവാനുള്ളത്. മഴപെയ്ത് കൃഷിയിടത്തില്‍ വെള്ളംകയറുകയും നെല്‍ചെടികള്‍ വീഴുകയും ചെയ്തതോടെ കൊയ്‌തെടുക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ആലാപുറം, പട്ടിശ്ശേരി, കൂളന്‍, വെമ്പുഴ, തെക്കേപടവ്, കോലത്തുപാടം, കടുക്കുഴി തുടങ്ങിയ കോള്‍പടവുകളില്‍ വന്‍കൃഷിനാശമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കോള്‍മേഖലയിലെ പകുതിയിലേറെ കൃഷിടങ്ങളിലും ഇനിയും കൊയ്ത്തു നടന്നിട്ടില്ല. നരണിപ്പുഴ കടുക്കുഴി കോള്‍പടവിലെ നൂറ് ഏക്കര്‍ നെല്‍കൃഷി വേനല്‍മഴയെതുടര്‍ന്ന് കുലവാട്ടരോഗം ബാധിച്ച് പൂര്‍ണമായും നശിച്ചിരിക്കുകയാണ്. വേനല്‍മഴയില്‍ നിന്നും രക്ഷനേടാനായി കുറഞ്ഞ ദിവസത്തെ മൂപ്പില്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന വിത്തായിരുന്നു ഇവിടെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വിത്തിന് രോഗപ്രതിരോധ ശേഷി കുറവായതിനെ തുടര്‍ന്നാണ് വേനല്‍മഴയില്‍ കുലവാട്ടരോഗം പടര്‍ന്നുപിടിച്ച് കൃഷി നശിച്ചത്. പട്ടിശ്ശേരി, തെക്കേപടവ്, കോലത്തുപാടം കോള്‍പടവുകളില്‍ കൃഷിയിടത്തില്‍ വെള്ളംകയറുകയും വെള്ളത്തില്‍വീണ നെല്‍ചെടികള്‍ മുളക്കുകയും ചെയ്തിരിക്കുകയാണ്.
ഓരോ കോള്‍പടവുകളിലും നൂറ് ഏക്കറിലധികം നെല്‍കൃഷികളാണ് നശിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളമായി കോള്‍മേഖലയില്‍ നിരന്തരമായി ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
കോള്‍മേഖലയിലെ വിവിധ ‘ഭാഗങ്ങളില്‍ കെ എല്‍ ഡി സിയുടെ ബണ്ട് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൃഷിയാടങ്ങളിലെ കെട്ടിനില്‍ക്കുന്ന വെള്ളം തിരിച്ചു തോട്ടിലേക്ക് പമ്പിംഗ് നടത്താന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്നകോള്‍പടവുകളില്‍ കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
അടുത്തദിവസങ്ങളില്‍ മഴപെയ്യാതിരുന്നാല്‍ മാത്രമെ ഉയര്‍ന്ന‘ഭാഗങ്ങളില്‍ പോലും കൊയ്‌തെടുക്കുവാനാകുകയുള്ളു. മഴ തുടങ്ങുന്നതിനുമുന്‍പ് കൊയ്ത്ത് കഴിഞ്ഞവരും കൊയ്‌തെടുത്ത നെല്ലും വൈക്കോലും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊയ്‌തെടുത്ത നെല്ല് വില്‍പനനടത്തുന്നതിനായി കൊണ്ടുപോകാനാകാതെ പല‘ഭാഗങ്ങളിലും റോഡരികിലും പാടത്തും ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയാണ് സൂക്ഷിച്ചിരിക്കുന്നത്.
വൈക്കോലുകള്‍ കൃഷിയത്തില്‍നിന്നും കൊണ്ടുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെള്ളത്തില്‍ കിടന്ന് പൂര്‍ണമായും നശിച്ചിരിക്കുകയാണ്. വെള്ളത്തിലും ചെളിയിലും കൊയ്‌തെടുക്കാന്‍ കഴിയുന്ന ബെല്‍റ്റ് ടയറിലുള്ള യന്ത്രങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കിയാല്‍ മാത്രമെ കൂടുതല്‍ നാശം വിതക്കാതെ അവശേഷിക്കുന്ന ‘ഭാഗങ്ങള്‍ കൊയ്‌തെടുക്കാനാകൂ. കര്‍ഷകര്‍ക്കുണ്ടായ ‘ഭീമമായ നഷ്ടംനികത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.