രമേശിനെതിരെ യൂത്ത് ലീഗ് പ്രകടനം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Posted on: April 23, 2015 11:38 am | Last updated: April 23, 2015 at 11:38 am

നാദാപുരം: തൂണേരി കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് നിരപരാധികളെ ഒഴിവാക്കിയില്ലെന്നാരോപിച്ച് യൂത്ത് ലീഗ് നാദാപുരം മേഖലയില്‍ നടത്തിയ പ്രകടനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കൊലക്കേസിലെയും തീ വെപ്പ് കേസിലെയും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയോ എന്ന് മുസ്‌ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം പറയട്ടെ. പൊതു സമൂഹത്തിന് മുന്നില്‍ ചെന്നിത്തലയെ അവഹേളിച്ച യൂത്ത് ലീഗിന്റെ നടപടി രാഷ്ട്രീയ മര്യദയില്ലാത്തതാണ്. ചെന്നിത്തല നടപ്പാക്കുന്നത് യു ഡി എഫിന്റെ നയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വി എം ബിജേഷ് അധ്യക്ഷത വഹിച്ചു. ഇതിനിടയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് യൂത്ത് ലീഗ് മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.