Connect with us

Gulf

താജുല്‍ ഉലമാ അവാര്‍ഡ് മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ക്ക്

Published

|

Last Updated

ദുബൈ: കര്‍ണാടക കള്‍ചറല്‍ ഫൗണ്ടേഷന്‍ (കെ സി എഫ്) യു എ ഇ ചാപ്റ്ററിന്റെ താജുല്‍ ഉലമാ അവാര്‍ഡ് പ്രശസ്ത പണ്ഡിതനും വിദ്യാഭ്യാസ- സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണിക്ക്.
ദക്ഷിണ കര്‍ണാടകയില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും മാണി എന്ന പ്രദേശത്ത് ദാറുല്‍ ഇര്‍ഷാദ് എന്ന പേരില്‍ കെ ജി മുതല്‍ പി ജി തലം വരെ മത-ഭൗതിക സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. അറബിക് ദഅ്‌വാ കോളജ്, അഗതി മന്ദിരം, ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന അദ്ദേഹം ദാറുല്‍ ഇര്‍ഷാദ് എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ്, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സൂരിഞ്ചെ, മച്ചംപാടി എന്നിവടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. പ്രഗല്‍ഭ പണ്ഡിതരടക്കം ആയിരക്കണക്കിന് ശിഷ്യ സമ്പത്തുണ്ട്. അറബി കവിതാ സമാഹാരമടക്കം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ദാറുല്‍ ഇര്‍ഷാദ് സില്‍വര്‍ ജൂബിലി ആഘോഷവും പ്രഥമ ബിരുദദാന സമ്മേളനവും മെയ് ഒന്നിന് നടക്കുന്നുണ്ട്. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമയുടെ നാമധേയത്തിലുള്ളതാണ് അവാര്‍ഡ്.
ദുബൈ ഊദ് മേത്ത പാകിസ്ഥാന്‍ സ്‌കൂളില്‍ 24 (വെള്ളി)ന് വൈകുന്നേരം ഏഴിന് നടക്കുന്ന പ്രൗഢമായ സദസ്സില്‍ അറബി പ്രമുഖരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

Latest