2012നു മുമ്പ് കാലാവധി തീര്‍ന്ന വ്യാപാര ലൈസന്‍സുകള്‍ക്ക് പിഴയിളവ് നല്‍കും

Posted on: April 22, 2015 6:03 pm | Last updated: April 22, 2015 at 6:03 pm

shaik muhammedദുബൈ: ദുബൈയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യാപാര ലൈസന്‍സുകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുക ലക്ഷ്യം വെച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പുതിയ ഉത്തരവ്. 2012നു മുമ്പ് കാലാവധി തീര്‍ന്ന വ്യാപാര ലൈസന്‍സുകളുടെ മേലുള്ള പിഴകള്‍ ഇളവുവരുത്തുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നത് സംബന്ധമായ ഉത്തരവാണ് ശൈഖ് മുഹമ്മദ് ഇറക്കിയത്. ദുബൈ ഭരണാധികാരിയെന്ന നിലയില്‍ ശൈഖ് മുഹമ്മദിന്റെ 2015ലെ 10-ാം നമ്പര്‍ ഉത്തരവാണിത്.
എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര ലൈസന്‍സുകളുടെ നിലവിലെ അവസ്ഥ ശരിപ്പെടുത്താനുള്ള അവസരമെന്ന നിലക്കാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഭീമമായ സംഖ്യ പിഴയിനത്തില്‍ അടക്കാന്‍ കഴിയാത്തത് കൊണ്ട് ലൈസന്‍സ് പുതുക്കാനും റദ്ദ് ചെയ്യാനും സാധിക്കാത്തവരെ ലക്ഷ്യം വെച്ചാണ് പുതിയ ഉത്തരവ്. നിലവില്‍ ദുബൈയില്‍ കാലാവധി തീര്‍ന്ന ലൈസന്‍സുകള്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരിയഡിനു ശേഷം ഓരോ മാസത്തിനും 200 ദിര്‍ഹം വീതം പിഴയടക്കേണ്ടതുണ്ട്. ഇത്തരത്തില്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കാലാവധി തീര്‍ന്ന ശേഷം പിന്നിട്ട ലൈസന്‍സിന്റെ ഉടമകള്‍ വന്‍തുക പിഴയടക്കേണ്ടതായിവരുന്നു. ഇതു സാധിക്കാത്തതിന്റെ പേരില്‍ നിര്‍ജീവമായികിടക്കുന്ന ലൈസന്‍സുകള്‍ ധാരാളമുണ്ടെന്നാണ് കണക്ക്. ഒരേ സമയം ലൈസന്‍സ് ഉടമകളുടെയും ഇക്കണോമിക് വിഭാഗത്തിന്റെയും ഫയലുകള്‍ കൃത്യമാക്കുകയെന്നതുകൂടി ശൈഖ് മുഹമ്മദിന്റെ ഉത്തരവ് ലക്ഷ്യമിടുന്നുണ്ട്. സ്ഥാപനങ്ങളുടെയും വ്യാപാരത്തിന്റെയും സ്വഭാവമനുസരിച്ച് പിഴകളില്‍ ഇളവ് വരുത്തുകയോ പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയോ ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകുന്ന ഉത്തരവനുസരിച്ച് ആറുമാസക്കാലയളവാണ് ലൈസന്‍സ് ഉടമകള്‍ക്ക് ഉത്തരവില്‍ അനുവദിക്കുന്നത്. ആവശ്യമെങ്കില്‍ ഇക്കണോമിക് വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിന്റെ അധികാരം ഉപയോഗിച്ച് കാലാവധി ഒരു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കാലാവധി തീര്‍ന്ന് കഴിയുന്ന ലൈസന്‍സ് ഉടമകള്‍ക്ക് ഏറെ പ്രതീക്ഷക്ക് വകനല്‍കുന്നതാണ് പുതിയ ഉത്തരവ്.