Connect with us

Gulf

ഡോ. സുബൈര്‍ മേടമ്മല്‍ ദുബൈയിലെത്തി

Published

|

Last Updated

ദുബൈ: ഫാല്‍കണ്‍ പഠനത്തിലൂടെ പ്രശസ്തനായ ഡോ.സുബൈര്‍ മേടമ്മല്‍ ഇന്നലെ ദുബൈയിലെത്തി. ഫാല്‍കണുകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് വാഴ്‌സിറ്റി സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിസ്ഥിതി പഠന വിഭാഗം പി ജി പഠനബോര്‍ഡ് അംഗവുമാണ് ഡോ. സുബൈര്‍. പ്രാപിടിയന്‍ (ഫാല്‍കണ്‍) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇരപിടിക്കുന്നതിന്റെ രീതിയേയുംകുറിച്ച് അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഡോക്യുമെന്ററി പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ദുബൈയില്‍ എത്തിയതെന്ന് ഡോ. സുബൈര്‍ വ്യക്തമാക്കി. ഫാല്‍കണ്‍ പക്ഷികളെക്കുറിച്ചുള്ള പഠനത്തിനാണ് 2004 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.
അബുദാബി ഫാല്‍കണ്‍ സെന്റര്‍, ദുബൈ ഫാല്‍കണ്‍ സെന്റര്‍, ഫാല്‍കണ്‍ കഌനിക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററിക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡോ. സുബൈര്‍. ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചാണ് ഡോക്യുമെന്ററി യാഥാര്‍ഥ്യമാക്കുക. അറബ് സംസ്‌കാരത്തിലും ചരിത്രത്തിലും താല്‍പര്യമുള്ള വ്യവസായ സംരഭകരെ സ്‌പോണ്‍സര്‍മാരാക്കാന്‍ താല്‍പര്യമുെണ്ടന്ന് ഡോ. സുബൈര്‍ പറഞ്ഞു.
വര്‍ഷം തോറും യു എ ഇയില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിങ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. അബൂദാബി ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഫാല്‍കണേഴ്‌സ് ക്ലബില്‍ അംഗത്വമുള്ള അറബിയല്ലാത്ത ഏക വ്യക്തിയുമാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ഔട്ട്സ്റ്റാന്റിങ് യങ് പേഴ്‌സണാലിറ്റിക്കുള്ള ദേശീയ അവാര്‍ഡുള്‍പെടെ നിരവധി അംഗീകാരങ്ങളും ഫാല്‍കണ്‍ പ്രണയത്തിലൂടെ സുബൈറിന് ലഭിച്ചിട്ടുണ്ട്. ആറു വര്‍ഷം നീണ്ട ഫാല്‍ക്കണ്‍ ഗവേഷണ-പഠനാര്‍ഥം ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങള്‍ ഡോ. സുബൈര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നായ അമൂര്‍ ഫാല്‍കണുകളെക്കുറിച്ച് പഠിക്കാനും ലക്ഷക്കണക്കിന് വരുന്ന അവയെ ചിത്രീകരിക്കാനുമായി നാഗാലാന്റിലൂം ഫാല്‍കണുകളുടെ ആവാസകേന്ദ്രം തേടി ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലും കഴിച്ചുകൂട്ടിയ ഡോ. സുബൈര്‍ അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്.

Latest