അറബ് യുവാക്കള്‍ താമസിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്ന രാജ്യം യു എ ഇ

Posted on: April 22, 2015 5:55 pm | Last updated: April 22, 2015 at 5:55 pm

uae flagദുബൈ: അറബ് രാജ്യങ്ങളിലെ യുവാക്കളില്‍ ബഹുഭൂരിപക്ഷത്തിനും താമസിക്കാന്‍ ഇഷ്ടമുള്ള രാജ്യം യു എ ഇയെന്ന് സര്‍വേ. ഏഴാമത് വാര്‍ഷിക അറബ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് അറബ് യുവാക്കള്‍ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്തിരിക്കുന്നത്. യു എ ഇയെ ഇക്കാര്യത്തില്‍ മാതൃകാ രാജ്യമായാണ് യുവാക്കള്‍ കാണുന്നത്. തങ്ങളുടെ രാജ്യങ്ങളും യു എ ഇയെ പിന്തുടരണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.
ദുബൈയില്‍ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സര്‍വേക്ക് നേതൃത്വം നല്‍കിയ അസ്ഡ’എ ബേര്‍സണ്‍ മാസ്റ്റെല്ലര്‍ അറബ് യൂത്ത് സര്‍വേയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 18നും 24നും മധ്യേ പ്രായമുള്ള 3,500 അറബ് യുവാക്കളാണ് സര്‍വേയില്‍ പങ്കാളികളായത്. ലോകത്തില്‍ ഏത് രാജ്യത്ത് ജീവിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടമെന്നായിരുന്നു സര്‍വേയിലെ പ്രധാന ചോദ്യം. 20 രാജ്യങ്ങളില്‍ നിന്നാണ് യു എ ഇ ഒന്നാമത് എത്തിയത്. 15 ശതമാനം മാത്രമാണ് യു എസിനെ ഇഷ്ട രാജ്യമായി തിരഞ്ഞെടുത്തത്. ജര്‍മനിയെയും കാനഡയെയും ഇഷ്ടപ്പെടുന്നവര്‍ 10 ശതമാനം വീതമായിരുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 22 ശതമാനം യു എ ഇയെ അറബ് ലോകത്തിന് മാതൃകയാക്കാവുന്ന രാജ്യമായി എടുക്കാമെന്ന് മനസ് തുറന്നു. അറബ് മേഖലയില്‍ നിന്നു അറബ് യുവാക്കള്‍ ഇഷ്ടപ്പെടുന്ന ഏക രാജ്യവും യു എ ഇയാണ്. പട്ടികയില്‍ ഇടംപിടിച്ച ആദ്യ അഞ്ചു രാജ്യങ്ങളിലാണ് യു എ ഇ ഒന്നാമതായത്. യു എ ഇയുടെ സാമ്പത്തിക വളര്‍ച്ചയും സമാധാനം നിലനില്‍ക്കുന്നുവെന്നതുമാണ് യു എ ഇയെ അറബ് യുവാക്കള്‍ നെഞ്ചേറ്റാന്‍ ഇടയാക്കിയിരിക്കുന്നത്.