Connect with us

International

ലിബിയന്‍ കപ്പല്‍ ദുരന്തത്തില്‍ 800 പേര്‍ മരിച്ചതായി സ്ഥിരീകരണം; ക്യാപ്റ്റന്‍ അറസ്റ്റില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ലിബിയന്‍ കടലിലുണ്ടായ ബോട്ട് ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായി യു എന്‍ അഭയാര്‍ഥി ഏജന്‍സി സ്ഥിരീകരിച്ചു. ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മരണ സംഖ്യ ഏജന്‍സി സ്ഥിരീകരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 27 പേരുമായും യു എന്‍ ഏജന്‍സി ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ, അപകടത്തില്‍പ്പെട്ട കപ്പലിന്റെ ക്യാപ്റ്റനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ഇവരുണ്ടായിരുന്നുവെന്ന് സുരക്ഷാ വിഭാഗം പറഞ്ഞു. പോര്‍ച്ചുഗീസ് കപ്പല്‍, അഭയാര്‍ഥികളുമായി പോയിരുന്ന കപ്പലിനോട് അടുത്തു സഞ്ചരിച്ചപ്പോഴുണ്ടായ തിരമാലകളുടെ വേലിയേറ്റത്തിലാണ് അപകടം സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു. 10നും 12നും ഇടയിലുള്ള കുട്ടികള്‍ വരെ അഭയാര്‍ഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു. സിറിയ, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ വ്യക്തമാക്കി. ഇതുവരെ 24 പേരുടെ മൃതദേഹങ്ങല്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് തിരച്ചില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ട ഇറ്റാലിയന്‍ സംഘം വ്യക്തമാക്കി. മരണ സംഖ്യ സംഘം സ്ഥിരീകരിച്ചിട്ടുമില്ല.