യു ഡി എഫ് മേഖലാ ജാഥയില്‍ പങ്കെടുക്കില്ലെന്ന് വീരേന്ദ്രകുമാര്‍

Posted on: April 22, 2015 6:00 am | Last updated: April 21, 2015 at 11:34 pm

കോഴിക്കോട്: യു ഡി എഫ് നേതൃത്വത്തോടുള്ള നിലപാട് കടുപ്പിച്ച് എം പി വീരേന്ദ്രകുമാര്‍. മെയ് പത്തൊമ്പതിന് ആരംഭിക്കുന്ന യു ഡി എഫ് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചതായി ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഞായറാഴ്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം സ്വീകരിച്ചത്. കോഴിക്കോട് മേഖലാ ജാഥയിലാണ് ജനതാദള്‍ പങ്കെടുക്കാത്തത്. കോഴിക്കോട് ജാഥ ഉദ്ഘാടനം ചെയ്യില്ലെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു.
സംസ്ഥാനത്തെ നാല് മേഖലകളിലായിട്ടാണ് യു ഡി എഫ് സംഘടിപ്പിക്കുന്ന ജാഥകള്‍ മെയ് 19 മുതല്‍ 25 വരെ നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ജാഥയാണ് കോഴിക്കോട്ട് എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം പിന്മാറുന്നത്.
യു ഡി എഫില്‍ പാര്‍ട്ടി നേരിടുന്ന അവഗണന നീക്കാന്‍ മുന്നണിയെ സമ്മര്‍ദത്തിലാക്കാനാണ് ജെ ഡി യു ശ്രമം എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, പ്രശ്‌നപരിഹാരത്തിനായി യു ഡി എഫ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. മേഖലാ ജാഥകളുടെ ഒന്നിന്റെപോലും നേതൃസ്ഥാനം ഏല്‍പ്പിച്ചില്ലെന്നും യു ഡി എഫില്‍ കടുത്ത അവഗണന നേരിടുകയാണെന്നും വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എല്‍ ഡി എഫ് വിട്ടുവന്നിട്ടും ആര്‍ എസ് പിക്ക് നല്‍കിയ പരിഗണന പോലും ലഭിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.