Connect with us

Editorial

റോഡപകടങ്ങള്‍

Published

|

Last Updated

റോഡ് സുരക്ഷാ നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിെയങ്കിലും സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ പൂര്‍വോപരി വര്‍ധിച്ചു വരികയാണ്. വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് അധികൃതര്‍ അടിക്കടി പുറത്തുവിടുന്നത്. കഴിഞ്ഞ മാസം 3301 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 360 പേര്‍ മരിക്കുകയും 3090 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് ലക്ഷത്തിലേറെയാളുകള്‍ക്ക് അംഗഭംഗമോ പരുക്കോ സംഭവിച്ചു. രണ്ടു ലക്ഷത്തിലേറെ അപടക കേസുകള്‍ ഈ കാലയളവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 20700 ഓളം പേരുടെ ജീവനാണു റോഡപകടങ്ങളില്‍ പൊലിഞ്ഞത്. 2010ല്‍ 3950, 2011ല്‍ 4145,2012ല്‍ 4286, 2013ല്‍ 4258, 2014ല്‍ 4049 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. പ്രതിദിനം ശരാശരി 11 പേരെങ്കിലും വാഹന അപകടങ്ങളില്‍ മരിക്കുന്നു. ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം താമസിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലാണ് രാജ്യത്തെ മൊത്തം വാഹന അപകടത്തിന്റെ പത്ത് ശതമാനവും നടക്കുന്നതെന്നത് ഭീതിജനകമാണ്.
ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയും ബസിനും ലോറിക്കുമൊക്കെ സ്പീഡ് ഗവേര്‍ണര്‍ വെച്ചും അപകടം കുറയ്ക്കാന്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ അപകടങ്ങള്‍ കാര്യമായി കുറക്കാന്‍ സഹായകമാകുന്നില്ലെന്നാണ് ഈ കണക്കുള്‍ കാണിക്കുന്നത്. വാഹനങ്ങളുടെ പെരുപ്പം, റോഡുകളുടെ ശോച്യാവസ്ഥ, അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രൈര്‍മാരുടെ മദ്യപാനം, ഉറക്കമൊഴിഞ്ഞ് വണ്ടിഓടിക്കല്‍, കാലാഹരണപ്പെട്ട വാഹനങ്ങള്‍, റോഡ് നിര്‍മാണത്തിലെ അഴിമതി, റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടങ്ങള്‍ തുടങ്ങിയവയാണ് അപകടങ്ങളുടെ വര്‍ധനവിന് കാരണം. 2013ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 35215 വാഹനാ പകടങ്ങളില്‍ 34451 എണ്ണവും സംഭവിച്ചത് െ്രെഡവര്‍മാരുടെ അശ്രദ്ധയും അമിതവേഗവും മൂലമാണ്. ബസുകളുടെയും ടിപ്പര്‍ ലോറികളുടെയും മത്സരഓട്ടവും മരണപ്പാച്ചിലുമാണ് മറ്റൊരു കാരണം. സ്പീഡ് ഗവേര്‍ണര്‍ വെച്ചാല്‍ ബസുകളുടെ വേഗം നിയന്ത്രിക്കാനാവുമെന്നാണ് കരുതിയതെങ്കിലും അതൊന്നും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന മട്ടിലാണ് പല ്‌ഡ്രൈവര്‍മാരും വണ്ടികളോടിക്കുന്നത്.
വാഹനപ്പെരുപ്പം വിശേഷിച്ചും ഇരുചക്രവാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവാണ് അപകടപ്പെരുപ്പത്തിന്റെ മറ്റൊരു ഘടകം. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് വിധേയമാകുന്ന വാഹനങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഇരുചക്രവാഹനങ്ങള്‍ക്കാണ്. അപകട മരണനിരക്കില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനയാത്രക്കാരാണെന്നുള്ളതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 2013ല്‍ രജിസ്റ്റര്‍ ചെയ്ത 35,215 വാഹനാപകടങ്ങളില്‍ 12,209 എണ്ണവും ഇരുചക്ര വാഹനങ്ങള്‍ മൂലമാണ് ഉണ്ടായത്്. ആ വര്‍ഷം 4258 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതില്‍ 1289 പേരും ഇരുചക്ര യാത്രികരായിരുന്നു. കൗമാര പ്രായക്കാരും യുവാക്കളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബൈക്കുകള്‍ ഓടിക്കുന്നത്. രക്ഷിതാക്കള്‍ കൊച്ചു പ്രായത്തിലേ അവര്‍ക്ക് വാഹനങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. മുന്നറിയിപ്പുകള്‍ വകവെക്കാതെ കുട്ടികളെ ബൈക്കും കാറും കൊടുത്തു പുറത്തേക്കു വിടുന്നവര്‍ അപകടത്തിലേക്കാണ് കുട്ടികളെ തള്ളിവിടുന്നതെന്ന കാര്യം വിസ്മരിക്കരുത്.
എത്ര അപകടങ്ങളുണ്ടായാലും ആരും അതില്‍ നിന്ന് പാഠം പഠിക്കാന്‍ തയാറാകുന്നില്ല. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്. വഴിയാത്രക്കാരും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതില്‍ ഒട്ടും മോശമല്ല. റോഡ് മുറിച്ചുകടക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പലരും പാലിക്കുന്നില്ല. ചുവന്ന ലൈറ്റ് തെളിഞ്ഞു നില്‍ക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്ന കാഴ്ച സര്‍വ സാധാരണമാണ്.
റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുകയും അടിക്കടി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് അപകടങ്ങള്‍ കുറയാത്തത്? വാഹനപ്പെരുപ്പത്തിന് അനുസൃതമായി റോഡുകളും പാര്‍ക്കിംഗ് സൗകര്യങ്ങളും വികസിക്കുന്നില്ല. ശുഷ്‌കമായ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തവിധം ഭീമമായ വര്‍ധനവാണ് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്കു കാര്യമായ ശിക്ഷ ലഭിക്കുന്നില്ലെന്നതും പെരുപ്പത്തിന് കാരണമാണ്. വാഹനങ്ങള്‍ അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ചതിന്റെ ഫലമായി ഒരു വ്യക്തിക്ക് ഗുരുതര പരിക്ക് പറ്റാനിടയായാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റവാളിക്ക് 2,000 രൂപ പിഴയോ രണ്ട് വര്‍ഷം തടവോ ആണ് നിര്‍ദേശിക്കപ്പട്ടിരിക്കുന്നത്. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതിനുള്ള ശിക്ഷ ആയിരം രൂപ പിഴയോ ആറ് മാസം തടവോ മാത്രവും. ദശാബ്ദങ്ങളുടെ പഴക്കമുള്ള ഈ ശിക്ഷാവിധി പ്രതിദിനവരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായ ഇന്നത്തെ സാഹചര്യത്തില്‍ എത്ര നിസ്സാരം.! ശിക്ഷാവിധികളില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്.

Latest