Connect with us

Articles

കഴിവുള്ളവരെ കാത്തിരിക്കുന്നു; ഗള്‍ഫ് സര്‍വകലാശാലകള്‍

Published

|

Last Updated

അറേബ്യന്‍ ഗള്‍ഫിലും പേര്‍ഷ്യന്‍ ഗള്‍ഫിലുമായി എണ്ണ നിക്ഷേപം കൊണ്ട് സമ്പന്നമായ ജി സിസി അംഗ രാഷ്ട്രങ്ങളിലെ സര്‍വകലാശാലകളില്‍ ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ മലയാളികളടക്കമുള്ള നിരവധി വിദേശികള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. യു എ ഇ, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹറൈന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളികളടക്കം പ്രവാസി അധ്യാപകര്‍ക്കുള്ള അവസരങ്ങള്‍ അനവധിയാണ്.
എണ്ണത്തില്‍ വളരെ കുറവാണെങ്കിലും, ഗള്‍ഫിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വയംഭരണ സ്വഭാവമുള്ളവയാണ്. സ്വകാര്യ കോളജുകളും യൂനിവേഴ്‌സിറ്റികളുമായി സ്ഥാപനങ്ങള്‍ അനേകമുണ്ടെങ്കിലും സ്വന്തം പൗരന്മാര്‍ക്ക്, മിതമായ ഫീസ് നിരക്കില്‍, അല്ലെങ്കില്‍ സൗജന്യമായി, ഉന്നതവിദ്യാഭ്യാസം നല്‍കുന്ന ദേശീയ സ്വഭാവമുള്ള വാഴ്‌സിറ്റികള്‍ കുറവാണ്. അതുകൊണ്ടു തന്നെ, അധ്യാപകര്‍ക്ക് മികച്ച സേവന-വേതന നിരക്കുകള്‍ ഈ വാഴ്‌സിറ്റികള്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേലയിലുള്ളത് പോലെ അഫിലിയേറ്റിങ് സ്വഭാവമുള്ളവയല്ല ഗള്‍ഫിലെ സര്‍ക്കാര്‍ വാഴ്‌സിറ്റികള്‍. അന്താരാഷ്ട്ര തലത്തില്‍ മികച്ച റേറ്റിങ് ഉള്ള യൂനിവേഴ്‌സിറ്റികള്‍ ഇനി പറയുന്നവയാണ്
1. യു എ ഇയില്‍, തലസ്ഥാനമായ അബുദബിയില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് സായിദ് യൂനിവേഴ്‌സിറ്റി, ലീഫാ വാഴ്‌സിറ്റി, ഹയര്‍ കോളജസ് ഓഫ് ടെക്‌നോളജി, മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, അബൂദബി യൂനിവേഴ്‌സിറ്റി, ദ് പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയും പ്രധാന നഗരമായ ദുബൈയില്‍, മേല്‍പ്പറഞ്ഞവയുടെ ബ്രാഞ്ചുകളെക്കൂടാതെ, അഫ്രാസ് യൂനിവേഴ്‌സിറ്റി, എമിറേറ്റ്‌സ് കോളജ് ഫോര്‍ മാനേജ്‌മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയും ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാല, യൂനിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, അജ്മാനിലെ സിറ്റി യൂനിവേഴ്‌സിറ്റി, ഇന്റര്‍നാഷനല്‍ കോളജ് ഓഫ് ലോ ആന്റ് ബിസിനസ് സ്റ്റഡീസ് എന്നിവയും മികച്ച സ്ഥാപനങ്ങളാണ്.
2. ഗള്‍ഫിന്റെ ഭൂവിസ്തൃതിയില്‍ ഏറ്റവും വലിപ്പമുള്ള രാഷ്ട്രമായ സഊദി അറേബ്യയിലാകട്ടെ, കിങ് സഊദ്, പ്രിന്‍സ് സുല്‍ത്താന്‍, കിങ് ഫൈസല്‍, പ്രിന്‍സസ് നൂറാ ബിന്‍ത് അബ്ദുര്‍റഹ്മാന്‍, കിങ് അബ്ദുല്‍ അസീസ്, പ്രിന്‍സ് മുഹമ്മദ് എന്നീ സര്‍വകലാശാലകള്‍ നാഷനല്‍ പദവികളുള്ള സ്ഥാപനങ്ങളാണ്. അറബ് ഓപന്‍ വാഴ്‌സിറ്റി, റിയാദ് കോളജ് ഓഫ് ഡെന്റിസ്ട്രി ആന്റ് നേഴ്‌സിങ്, അല്‍ മരേഫാ കോളജ് ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, ടെക്‌നിക്കല്‍ ട്രെയിനേഴ്‌സ് കോളജ്, ജിദ്ദ ടീച്ചേഴ്‌സ് കോളജ്, ത്വായിഫ് യൂനിവേഴ്‌സിറ്റി, മദീനാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഡര്‍ഷിപ് ആന്റ് എന്റര്‍പ്രൈസസ് എന്നിവയും വിവിധ പ്രവിശ്യകളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
3. ഖത്തര്‍ യൂനിവേഴ്‌സിറ്റി, ഹമദ് ബിന്‍ ലീഫ വാഴ്‌സിറ്റി എന്നീ രണ്ട് സര്‍വകലാശാലകള്‍ മാത്രമേ ഖത്തറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ സ്ഥാപനങ്ങളായിട്ടുള്ളൂ.
4.കുവൈറ്റിന്റെ കാര്യത്തിലും ഇതേ സ്ഥിതി തന്നെയാണ്. കുവൈറ്റ് വാഴ്‌സിറ്റിയും ഗള്‍ഫ് യൂനിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും. അറേബ്യന്‍ ഗള്‍ഫ് സര്‍വകലാശാലയും മികച്ച സ്ഥാപനങ്ങളാണ്.
5. ബഹ്‌റൈന്‍ പോളിടെക്‌നിക്, യൂനിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈന്‍ എന്നിവയാണ് ബഹ്‌റൈനിലെ നാഷനല്‍ വാഴ്‌സിറ്റികള്‍.
6. സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ അല്‍ ഷാര്‍യ, അല്‍ ബുറൈമി, ദോഫര്‍, മസ്‌കറ്റ്, സോഹര്‍, സുല്‍ത്താന്‍ ാബൂസ്, നിസ്‌വ, ബുറൈമി എന്നീ പേരുകളിലുള്ള യൂനിവേഴ്‌സിറ്റികളാണുള്ളത്.
ഇംഗ്ലീഷ് ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ലിങ്ഗ്വിസ്റ്റിക്‌സ്, ബേസിക് സയന്‍സ്, അപ്ലൈഡ് സയന്‍സ്, കമ്പ്യൂട്ടര്‍ ടെക്‌നോളജി, നേഴ്‌സിംങ്, ടീച്ചര്‍ എജുക്കേഷന്‍, ഫാര്‍മസി, എന്‍ജിനീയറിംങ് (പെട്രോളിയം, പെട്രോകെമിക്കല്‍ എന്നീ ബ്രാഞ്ചുകളടക്കം) എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കാണ് പൊതുവെ ഇന്ത്യന്‍ അധ്യാപകരെ മേല്‍പ്പറഞ്ഞ വാഴ്‌സിറ്റികള്‍ ഉപയോഗിക്കുന്നത്. അറബിക്, ശരിഅത്ത് നിയമം തുടങ്ങിയ അവരുടെ സംസ്‌കാരിക, പൈതൃക വിഷയങ്ങള്‍ക്ക് അറബ് വംശജര്‍ക്കാണ് മുന്‍ഗണന.
ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദവും പി എച്ച് ഡിയുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കോളജ്/സര്‍വകലാശാലാ അധ്യാപന പരിചയം നിര്‍ബന്ധമാണ്. നല്ല ഒഴുക്കോടും ഉച്ചാരണ മികവോടും കൂടി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാന്‍ കഴിവുള്ളവരായിരിക്കണം. റിസര്‍ച്ച് ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്കും ദേശീയ/രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധമവതരിപ്പിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. നല്ല അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് യോഗ്യതകളില്‍ ഇളവുകള്‍ നല്‍കാറുണ്ട്.
ദിവസത്തില്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഡ്യൂട്ടി സമയം. അതില്‍കൂടുതല്‍ ജോലി ചെയ്യേണ്ട ആവശ്യം വന്നാല്‍ ഓവര്‍-ടൈം അലവന്‍സ് ലഭിക്കും. ആഴ്ചയില്‍ അഞ്ച് ദിവസങ്ങളാണ് പ്രവര്‍ത്തന സമയം. ആഗസ്റ്റ്/സെപ്റ്റംബറില്‍ (റമസാന്‍ മാസവുമായി ബന്ധപ്പെട്ടതിനാലാണ് ഈ അവ്യക്തത) ആരംഭിച്ച് മേയില്‍ അവസാനിക്കുന്ന തരത്തിലാണ് ഒരു വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍. പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നത് മുതല്‍ പരീക്ഷ നടത്തിപ്പ് വരെയുള്ള മുഴുവന്‍ ജോലിയും സേവനത്തില്‍ ഉള്‍പ്പെടുന്നു.
രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ രൂപക്ക് സമാനമായ തുകയാണ് തുടക്കത്തില്‍ ലഭിക്കാവുന്ന ശമ്പളം. ഫര്‍ണിഷ് ചെയ്ത ഡബിള്‍ ബെഡ്‌റൂം ഫ്‌ളാറ്റിലെ താമസവും വാഹന അലവന്‍സും രണ്ടു മാസത്തെ അവധി ശമ്പളവും യാത്രാ ടിക്കറ്റും സൗജന്യമാണ്. വിവാഹിതനാണെങ്കില്‍ ജീവിതപങ്കാളിക്കും രണ്ട് മക്കള്‍ക്കും സൗജന്യ ടിക്കറ്റും മെഡിക്കല്‍, വിദ്യാഭ്യാസ അലവന്‍സുകളും ലഭിക്കും. എല്ലാ വര്‍ഷവും ഇന്‍ക്രിമെന്റിന് അര്‍ഹതയുമുണ്ട്.
വളരെ അപൂര്‍വമായി മാത്രമേ ഈ വാഴ്‌സിറ്റികളുടെ ഒഴിവുകള്‍ പത്രങ്ങളിലൂടെ വിജ്ഞാപനങ്ങളായി കാണാറുള്ളൂ. അപൂര്‍വമായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പരസ്യത്തിലും കാണാന്‍ സാധിക്കാറുണ്ട്. എന്നാല്‍ പരസ്യങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, ഫെബ്രുവരി മാസം തുടങ്ങിയാല്‍, പാസ്‌പോര്‍ട്ട് ഉള്ളവര്‍, മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക. ജോബ്/കരിയര്‍/വേക്കന്‍സി എന്നീ ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഓണ്‍ലൈനായി അപേക്ഷിച്ച്, വിശദമായ ബയോഡാറ്റയും ആവശ്യപ്പെടുന്ന രേഖകളുടെ പകര്‍പ്പും അപ്‌ലോഡ് ചെയ്യുക.
പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇ-മെയില്‍ വഴി ഉദ്യോഗാര്‍ഥിക്ക് ഒരാഴ്ചയ്ക്കകം അറിയിപ്പ് ലഭിക്കും. മാര്‍ച്ച് ആദ്യമാകുമ്പോഴേക്കും പ്രെലിമിനറി ടെലിഫോണിക് ഇന്റര്‍വ്യൂ, അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംങ് അഭിമുഖം നടക്കും. അതില്‍ നിങ്ങളുടെ കഴിവുകള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ അനുയോജ്യമായ ഒരു ഇന്ത്യന്‍ മെട്രോ പട്ടണത്തില്‍ വെച്ച് പേഴ്‌സനല്‍ ഇന്റര്‍വ്യൂവിന് വിധേയമാക്കും. അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ ജോലിക്ക് ചേരുന്നത് സാധ്യമാക്കുന്ന രീതിയില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ഓഫര്‍ ലെറ്റര്‍ നല്‍കല്‍, വിസ അയച്ചുതരല്‍ എന്നിങ്ങനെയുള്ള സാങ്കേതിക കാര്യങ്ങള്‍ നടക്കും. റിക്രൂട്ട്‌മെന്റിന്റെ ഒരു ഘട്ടത്തിലും യാതൊരുവിധ ഫീസും ഈടാക്കുന്നില്ല എന്നത് ഇതിന്റെ വലിയ പ്രത്യേകതകളില്‍ ഒന്നാണ്.
യു ജി സിയുടെ സേവന-വേതന വ്യവസ്ഥകള്‍ ആകര്‍ഷണീയമായതിനാലും, ഗവേഷണങ്ങള്‍ക്ക് അവസരം കുറവായതിനാലും വലിയ അക്കാദമിക് നിലവാരമില്ലാത്തതിനാലും മേല്‍പ്പറഞ്ഞ വാഴ്‌സിറ്റികളിലേക്ക് പോകാന്‍ ഇന്ത്യയില്‍ നിന്നുള്ള കോളജ്/സര്‍വകലാശാലാ അധ്യാപകര്‍ വിമുഖത കാണിക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ, സ്ഥിരാധ്യാപകരല്ലാത്ത ശരാശരിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഈ വാഴ്‌സിറ്റികള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഈ അവസ്ഥയെ ഒരവസരമാക്കി മാറ്റാന്‍ താത്പര്യമുള്ളവര്‍ക്ക് തയ്യാറെടുക്കാം എന്ന് ചുരുക്കം!

Latest