National
അജ്മീര്‍ ഉറൂസ്: ദര്‍ഗയിലേക്ക് പ്രധാനമന്ത്രി വിരി നല്‍കി

ന്യൂഡല്‍ഹി: അജ്മീറില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്‌റത്ത് ഖാജാ മുഈനുദ്ദീന്‍ ഹസന്‍ ചിശ്ത്തിയുടെ ദര്‍ഗാശരീഫിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിരി കൊടുത്തയച്ചു. 803ാമത് അജ്മീര്‍ ഉറൂസിനോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ദര്‍ഗയിലേക്ക് വിരി സമര്‍പ്പിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രധാനമന്ത്രിയില്‍ നിന്ന് വിരി ഏറ്റുവാങ്ങി. ഉറൂസിന്റെ വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി അവിടുത്തെ അനുചരര്‍ക്ക് പകര്‍ന്നുനല്‍കിയ സൗഹൃദത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും അജ്മീര്‍ ദര്‍ഗയിലേക്ക് വിരി കൊടുത്തയച്ചിരുന്നു. ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഇത്തരം രീതികള്‍ പതിവായി ചെയ്യാറുണ്ട്.