ആര്യഭട്ടയുടെ വിക്ഷേപണത്തിന് നാല്‍പ്പതാം പിറന്നാള്‍

Posted on: April 21, 2015 6:00 am | Last updated: April 21, 2015 at 12:07 am

Aryabhata_Satellite>>വിക്ഷേപണം നടന്നത് 1975 ഏപ്രില്‍ 19ന്‌

ചെന്നൈ: ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണത്തിന് നാല്‍പ്പത് വയസ്സ്. 1975 ഏപ്രില്‍ 19നായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടമായ ആര്യഭട്ടയുടെ വിക്ഷേപണം. ഉപഗ്രഹ വിക്ഷേപണരംഗത്തുള്ള കുതിച്ചുചാട്ടത്തിന് തുടക്കമായി മാറുകയായിരുന്നു ഈ നേട്ടം.
നാല്‍പ്പത് വര്‍ഷം പിന്നിടുമ്പോള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഇന്ത്യയുടെ പര്യവേഷണ ദൗത്യം ചെന്നെത്തിയിരിക്കുന്നു. ബഹിരാകാശ ദൗത്യത്തില്‍ ഏപ്രില്‍ മാസം ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനമാണ്. 2001 ഏപ്രില്‍ 18നാണ് ഇന്ത്യയുടെ അഭിമാന നേട്ടമായ ജി എസ് എല്‍ വി രോക്കറ്റ് വിക്ഷേപിക്കപ്പെടുന്നത്.
ആര്യഭട്ടയുടെ വിക്ഷേപണ കാലത്ത് ഇന്ത്യയുടെ ഈ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നുവെന്ന് ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍ യു ആര്‍ റാവു അനുസ്മരിച്ചു. ബെംഗളുരുവില്‍ ആര്യഭട്ടയുടെ വിക്ഷേപണ സമയത്ത് കക്കൂസ് മുറി പോലും വിവരം സ്വീകരണ കേന്ദ്രമായി ഉപയോഗപ്പെടുത്തേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഉണ്ടായ വെല്ലുവിളികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശാസ്ത്രജ്ഞരില്‍ മിക്കവരും ഈ മേഖലയില്‍ പുതുമുഖങ്ങളാണ് എന്നതായിരുന്നു. ആര്യഭട്ടയുടെ നിര്‍മാണത്തിന് ഹൈദരാബാദും ബെംഗളുരുവുമാണ് പരിഗണിച്ചിരുന്നത്. താരതമ്യേന മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ബെംഗളുരുവിനെ ഒടുവില്‍ തിരഞ്ഞെടുക്കുകയായിരുന്നു. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വ്യാവസായിക ഷെഡുകളായിരുന്നു ആര്യഭട്ടയുടെ നിര്‍മാണ കേന്ദ്രം. മൂന്ന് കോടിയിലധികം രൂപയാണ് അന്ന് നിര്‍മാണച്ചെലവ് വന്നത്.
ഇന്ത്യയുടെ ആദ്യ ഉപഗ്രഹത്തിന്റെ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ മൂന്ന് പേരുകളാണ് ചര്‍ച്ച ചെയ്തത്. മൈത്രി, ജവഹര്‍ എന്നിവയായിരുന്നു പരിഗണിക്കപ്പെടാതെ പോയ രണ്ട് പേരുകള്‍. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ആര്യഭട്ട എന്ന പേര് നിര്‍ദേശിച്ചതെന്ന് റാവു അനുസ്മരിച്ചു.
ഉപഗ്രഹരംഗത്ത് ഇന്ത്യ കുതിച്ചുചാട്ടം തന്നെയാണ് പിന്നെ നടത്തിയത്. ഭാസ്‌കര ഒന്നിന് ശേഷം ഇന്ത്യന്‍ സ് പേസ് ഏജന്‍സി നിര്‍മിച്ച ആപ്പിള്‍ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ഇന്‍സാറ്റ് പരമ്പരക്ക് തുടക്കമിട്ടത്. ഇന്ന് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി ഉപഗ്രഹങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്.