ഗൂണനിലവാരത്തിലും സമ്പൂര്‍ണത നേടണം

Posted on: April 21, 2015 6:00 am | Last updated: April 20, 2015 at 10:12 pm

SIRAJ.......രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതി നേടിയ കേരളം, സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച സംസ്ഥാനമെന്ന നേട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഔപചാരിക പ്രഖ്യാപനം വായനാദിനമായ ജൂണ്‍ 19ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇനി നാലാം തരം പാസാകാത്ത ഒരാളും തന്നെ ഉണ്ടാകുകയില്ലെന്നും മന്ത്രി അവകാശപ്പെടുന്നു.
അതേസമയം പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ വിദ്യാര്‍ഥികളുടെ നിലവാരം ഇടിയുകയാണെന്നാണ് ജനുവരിയില്‍ പ്രസിദ്ധീകരിച്ച ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷന്‍ റിപ്പോര്‍ട്ട് (അസര്‍ 2014) ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 12 ജില്ലകളിലെ ഗ്രാമീണ മേഖലയില്‍ 265 സ്‌കൂളുകളില്‍ ‘അസര്‍’നടത്തിയ സര്‍വേയിലാണ് നിലാവരത്തിന്റെ ദയനീയമായ താഴ്ച പ്രകടമായത്. സംസ്ഥാനത്ത് അഞ്ചാംതരത്തില്‍ പഠിക്കുന്ന മൂന്നിലൊന്ന് വിദ്യാര്‍ഥികള്‍ക്കും രണ്ടാം തരത്തിലെ പാഠപുസ്തകം വായിക്കാനറിയില്ല. അഞ്ച് വര്‍ഷം മുമ്പ് ഇത് നാലിലൊന്ന് മാത്രമായിരുന്നു. നാലാംക്ലാസ്സിലെ 25 ശതമാനത്തിനും ഒന്നാംതരത്തിലെ പാഠപുസ്തകം വായിക്കാനുമറിയില്ല. അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി വരുമിത്. നേരത്തെ മൂന്നാംക്ലാസ്സിലെ 92 ശതമാനത്തിനും വാക്കുകളെങ്കിലും വായിക്കാനറിയുമായിരുന്നു. ഇതിലും നാല് ശതമാനം കുറവ് വന്നതായി സര്‍വേ കാണിക്കുന്നു.
ഗണിത വിഷയങ്ങളിലും നിലവാരം മോശമാണ്. അഞ്ചാംതരം വിദ്യാര്‍ഥികളില്‍ മൂന്നക്ക സംഖ്യയെ ഒറ്റയക്കം കൊണ്ട് ഹരിക്കാന്‍ അറിയുന്നവരുടെ ശതമാനം 2010-ലെ 48.5 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 39.3 ശതമാനമായി ഇടിഞ്ഞു. നാലാം ക്ലാസ്സില്‍ രണ്ടക്ക സംഖ്യയില്‍ നിന്ന് മറ്റൊരു രണ്ടക്ക സംഖ്യ കുറക്കാന്‍ അറിയുന്നവര്‍ 56.4 ശതമാനമാണ്. 2010ല്‍ ഇത് 80.1 ശതമാനം വരുമായിരുന്നു. എയ്ഡഡ് സ്‌കൂളുകളെ അപേക്ഷിച്ചു സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ പരിതാപകരമാണെന്നും പഠനം വെളിപ്പെടുത്തുന്നു.
2013 ഡിസംബറില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വികസന സൂചികയും ഈ നിലവാരത്തകര്‍ച്ചയെ സാധൂകരിക്കുന്നതാണ്. പ്രൈമറിയില്‍ മുന്‍വര്‍ഷ മുണ്ടായിരുന്ന ആറാം സ്ഥാനത്ത് നിന്ന് 20-ാം സ്ഥാനത്തേക്കും അപ്പര്‍ പ്രൈമറിയില്‍ 13-ാം സ്ഥാനത്ത് നിന്ന് 17ാം സ്ഥാനത്തേക്കും കേരളം കൂപ്പുകുത്തിയെന്നാണ് സൂചിക കാണിക്കുന്നത്. പൊതു സാക്ഷരത, സ്ത്രീ സാക്ഷരത, വിദ്യാഭ്യാസത്തിന് ഒരോ കുടംബവും ചെലവാക്കുന്ന തുക, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വികസന സൂചിക തയ്യാറാക്കുന്നത്.
കേരള വികസന മാതൃകയുടെ പ്രധാന സവിശേഷതയായി കണക്കാക്കിയിരുന്നത് പ്രാഥമിക വിദ്യാഭ്യാസ വികസനമാണ്. ഈ രംഗത്ത് ഒന്നാമതായിരുന്നു മുന്‍കാലങ്ങളില്‍ സംസ്ഥാനം. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് എജ്യുക്കേഷന്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ 2007-08 വര്‍ഷത്തെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ വികസനത്തില്‍ കേരളമായിരുന്നുഏറ്റവും മുന്നില്‍. പിന്നീട് അഞ്ച് വര്‍ഷം കൊണ്ടാണ് 20-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും സംസ്ഥാനം ദേശീയ തലത്തില്‍ കൂടുതല്‍ മികവ് നേടിയിട്ടും എന്തുകൊണ്ട് പഠന നിലവാരത്തില്‍ പിറകോട്ട് പോകുന്നുവെന്നത് ഗൗരവതരമായ ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്.
ഡി പി ഇ പി, എസ് എസ് എ എന്നിങ്ങനെ അടുത്ത കാലത്തായി സ്‌കൂള്‍ സിലബസുകളില്‍ പുതിയ പല പരീക്ഷണങ്ങളും നടത്തുകയുണ്ടായി. വിദ്യാഭ്യാസ ഗുണമേന്മ ലക്ഷ്യംെവച്ചു കൊണ്ടുള്ള കാലോചിത പാഠ്യപദ്ധതി പരിഷ്‌കരണം ആവശ്യവുമാണ്. എന്നാല്‍ പ്രയോഗിക തലത്തില്‍ ഇവയുടെ പോരായ്മകള്‍ വിലയിരുത്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാറില്ല. എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലെയും പ്രാഥമികതല വിദ്യാര്‍ഥികളുടെ പഠനനിലവാരം നിരീക്ഷിക്കണമെന്ന് കേരള ആര്‍ ടി ഇ റൂള്‍സ് അനുശാസിക്കുന്നുണ്ട്. കുറേ വര്‍ഷങ്ങളായി ഇത് നടക്കുന്നില്ല. 2011 – 2014 കാലയളവില്‍ ഈ നിരീക്ഷണമോ വിലയിരുത്തലുകളോ നടത്താതെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മേല്‍ നിര്‍ദേശം അട്ടിമറിച്ചുവെന്നാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവാര പരിശോധന കൃത്യമായി നടപ്പാക്കിയെങ്കിലല്ലേ ന്യൂനതകള്‍ കണ്ടെത്താനും അത് പരിഹരിച്ചു മുന്നേറാനും സാധിക്കുകയുള്ളു. സമ്പൂര്‍ണ സാക്ഷരതയും പ്രാഥമിക വിദ്യാഭ്യാസവും അവകാശപ്പെട്ടത് കൊണ്ടായില്ല, പഠിതാക്കളില്‍ അതിന്റെ ഗുണനിലവാരം പ്രതിഫലിക്കുക കൂടി വേണം. കേവലം അവകാശ വാദത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസമല്ല, നിലവാരമുള്ള വിദ്യാഭ്യാസമാണ് ഭാവിതലമുറക്കാവശ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് പുതുതലമുറ ജീവിക്കുന്നത്. അതിനനുസൃതമായി പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുന്നതോടൊപ്പം പഠനത്തില്‍ കുട്ടികള്‍ നിലവാരം പുലര്‍ത്തുക കൂടി ചെയ്‌തെങ്കിലേ മത്സരാധിഷ്ഠിതമായ ഈ ലോകത്ത് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അവര്‍ക്ക് സാധ്യമാകൂ.