‘ഡ്രൈവിംഗ് മെച്ചപ്പെടുത്തി, കറുത്ത പോയിന്റ് ഒഴിവാക്കുക’

Posted on: April 20, 2015 8:00 pm | Last updated: April 20, 2015 at 8:16 pm

അബുദാബി: യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഓഫീസുമായി സഹകരിച്ച് അല്‍ ഐന്‍ പോലീസ് ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘ഡ്രൈവിംഗ് മെച്ചപ്പെടുത്തുക കറുത്തപോയിന്റ് ഒഴിവാക്കുക’ ട്രാഫിക് ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. കഴിഞ്ഞ ദിവസം അല്‍ ഐന്‍ തവാം ആശുപത്രിയില്‍ നടന്ന ഏകദിന ബോധവത്കരണ പരിപാടിയോടു കൂടിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ട്രാഫിക് ലംഘനങ്ങള്‍, കറുത്ത പോയിന്റുകള്‍, അപകട സാധ്യതകള്‍ എന്നിവ വിശദമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു.

അബുദാബി, അല്‍ ഐന്‍ നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കറുത്ത പോയിന്റുകള്‍ ലഭിച്ചവര്‍ക്ക് അത് ഒഴിവാക്കി എങ്ങനെ ലൈസന്‍സ് വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ട്രാഫിക് നിയമ ലംഘനങ്ങള്‍ സംബന്ധിച്ചും ലൈസന്‍സ് സംബന്ധിച്ചും സംശയമുള്ളവര്‍ക്ക് 600566006 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ട്രാഫിക് ഫോളോ അപ് വകുപ്പ് തലവന്‍ കേണല്‍ സൈഫ് ഉബൈദ് അല്‍ ഖയാലി വ്യക്തമാക്കി. ട്രാഫിക് അപകടങ്ങളെക്കുറിച്ച് വിദ്യാഭ്യാസ പുനരധിവാസ കോഴ്‌സുകള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.