Connect with us

Gulf

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം: ഇന്‍ഡോ-അറബ് ബന്ധത്തിന്റെ മുഖ്യ ശില്‍പി

Published

|

Last Updated

ദുബൈ: കേരള ചരിത്രത്തില്‍ ആദ്യമായി 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കുകയും സാമ്രാജ്യത്ത വിരുദ്ധതക്കും വിശുദ്ധ പോരാട്ടത്തിനും തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ധം രചിക്കുകയും ചെയ്ത ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഇന്തോ അറബ് ബന്ധത്തിന്റെ മുഖ്യ ശില്‍പികൂടി ആയിരുന്നുവെന്ന് പ്രമുഖ ചരിത്രകാരനും കാലികറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സ്‌ലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് വ്യക്തമാക്കി. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ദുബൈ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പൊന്നോത്സവ് പൊന്നാനി 2015 ന്റെ ഭാഗമായുള്ള ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളിയുടെ പ്രഥമ ചരിത്രക്കാരനും ദാര്‍ശനികനും തത്വചിന്തകനും സര്‍വോപരി മതസൗര്‍ഹാര്‍ദത്തിന്റെ പ്രതീകവുമായ ഈ അനന്യ വ്യക്തിത്വത്തിന് പൊതു സമൂഹത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ പോയത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് ബന്ധപെട്ടവര്‍ ചിന്തിക്കണമന്നും ഈ മഹാപണ്ഡിതന്റെ ദര്‍ശനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാക്കുന്നതിന് എല്ലാ വിഭാഗവും രംഗത്തിറങ്ങണമന്നും അദ്ദേഹം ആവശ്യപെട്ടു.
ടി വി സുബൈറിന്റെ അധ്യക്ഷതയില്‍ സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഡോ. കെ കെ എന്‍ കുറൂപ്പിനെ ടി വി സുബൈറും, പൊന്നാനിയുടെ ചരിത്രകാരനായ ടി വി അബ്ദുറഹ്മാന്‍ കുട്ടി മാസ്റ്ററെ ഡോ. കെ കെ എന്‍ കുറുപ്പും, 38 വര്‍ഷത്തെ പ്രവാസജീവിതം നയിച്ച പി ടി കുഞ്ഞുമുഹമ്മദിനെ എ കെ മുസ്തഫയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.
ബഷീര്‍ തിക്കോടി, ഡോ. അബ്ദുറഹിമാന്‍ കുട്ടി, ഷാജി ഹനീഫ് എന്നിവര്‍ ആശംസ നേര്‍ന്നു. മുസമ്മില്‍ എം സ്വാഗതവും കെ വിജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത പ്രേമികള്‍ക്ക് ശുദ്ധ സംഗീതത്തിന്റെ സൗരഭ്യം പകര്‍ന്ന് കൊണ്ട് ഷഹബാസ് അമന്‍ നയിച്ച ഷാമീ ഗസലും അരങ്ങേറി.