ടാക്‌സി യാത്രക്കാര്‍ ബില്ല് വാങ്ങണമെന്ന്

Posted on: April 20, 2015 8:07 pm | Last updated: April 20, 2015 at 8:07 pm

taxi abudabiഅബുദാബി: ടാക്‌സിയില്‍ യാത്ര ചെയ്യുന്നവര്‍ യാത്ര അവസാനിപ്പിക്കുന്നതിനു മുമ്പ് പണമടച്ചതിനുള്ള ബില്‍ കൈപറ്റണമെന്ന് ടാക്‌സി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റഗുലേറ്ററി സെന്റര്‍ അറിയിച്ചു.
ടാക്‌സി യാത്രക്കിടെ നഷ്ടപ്പെടുന്ന വസ്തുക്കള്‍ യാത്രക്കാരന് കൃത്യമായി തിരിച്ചുകിട്ടുന്നതിന് സഹായകമാണ് യാത്ര ചെയ്തതിന്റെ രേഖയായ ബില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ടാക്‌സി യാത്രക്കാരന്‍ തന്റെ യാത്രയുടെയും യാത്രക്ക് ചിലവഴിച്ച തുകയുടെയും രേഖയായ ബില്‍ ഡ്രൈവറോട് ചോദിച്ച് വാങ്ങണം. ഇത് യാത്രക്കാരന്റെ അവകാശമാണ്. യാത്രക്കുപയോഗിച്ച ടാക്‌സിയെക്കുറിച്ചും അതിന്റെ ഡ്രൈവറെക്കുറിച്ചും സഞ്ചരിച്ച റൂട്ടുകളെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള കൃത്യമായ വിവരം ബില്ലിലടങ്ങിയിട്ടുണ്ടാവും. അനിവാര്യ സാഹചര്യങ്ങളില്‍ ഇത് തെളിവായി ഉപയോഗിക്കാന്‍ സാധിക്കും.
നഗരത്തില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ടാക്‌സികളിലും ബില്ലിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഴുവന്‍ ടാക്‌സിയാത്രക്കാരും തങ്ങളുടെ യാത്രക്കുള്ള ബില്‍ കൈപ്പറ്റണം. യാത്രക്കിടെ നഷ്ടപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ തിരിച്ചുകിട്ടാന്‍ ഇത്തരം ബില്ലുകള്‍ സഹായകമാകും, സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് ദര്‍വീശ് അല്‍ ഖംസി വ്യക്തമാക്കി. ടാക്‌സികളില്‍ ഘടിപ്പിച്ച ബില്ലിംഗ് മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പ്രത്യേക ഉദ്യോഗസ്ഥരിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്, അല്‍ ഖംസി അറിയിച്ചു.
അതിനിടെ, ടാക്‌സിയില്‍ യാത്രക്കാര്‍ മറന്നുവെക്കുന്ന സാധനങ്ങള്‍ ചെറുതായാലും വലുതായാലും ബന്ധപ്പെട്ട കേന്ദ്രത്തില്‍ ഡ്രൈവര്‍മാര്‍ ഉടനടി അറിയിക്കണം. ഇതില്‍ അനാസ്ഥ വരുത്തുന്നത് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടികളുണ്ടാകും. കാറില്‍ ഉപേക്ഷിക്കപ്പെട്ട സാധനങ്ങളെക്കുറിച്ച് വിവരമറിയിക്കാതിരിക്കുകയോ ബന്ധപ്പെട്ട കേന്ദ്രത്തില്‍ അതേല്‍പിക്കാതിരിക്കുകയോ ചെയ്താല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ 500 ദിര്‍ഹം പിഴ ചുമത്തും. ആവര്‍ത്തിക്കുന്ന പക്ഷം പിഴ സംഖ്യ 1,000 ദിര്‍ഹമാക്കി ഉയര്‍ത്തും, അല്‍ ഖംസി വ്യക്തമാക്കി.