വിദേശതൊഴിലാളികള്‍ക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല: സഊദി

Posted on: April 20, 2015 1:58 pm | Last updated: April 20, 2015 at 10:10 pm

saudi labour ministryജിദ്ദ: തങ്ങിയ വര്‍ഷത്തിന്റെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സഊദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച കരട് നിര്‍ദേശം മാത്രമാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ മഅന്‍ നുഹ്‌സിനില്‍ പ്രസിദ്ധപ്പെടുത്തിയതെന്നും സഊദി ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. വിദേശികളെ നിയന്ത്രിക്കാന്‍ തീരുമാനമെടുത്തുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

സഊദിയില്‍ തങ്ങിയ വര്‍ഷത്തിന്റെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ തൊഴിലാളികളെ വിഭജിക്കുക്കയും ഇതിന്റെ അടിസ്ഥാനത്തില്‍ നിതാഖാത്ത് ഘടനയില്‍ മാറ്റം വരുത്തുകയും വേണമെന്നാണ് കരട് രേഖയില്‍ പറയുന്നത്. ജോലിക്കാരുടെ കാലാവധി എട്ട് വര്‍ഷമായി നിജപ്പെടുത്താനും കുടുംബത്തെ കൊണ്ടുവരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനും കരടുരേഖയില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഈ രേഖ പൊതുചര്‍ച്ചക്ക് വേണ്ടിയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നും നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് സഊദി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ കരടുരേഖ പുറത്തുവന്നത് മലയാളികള്‍ അടക്കം ആയിരക്കണക്കിന് പ്രവാസികളെ ആശങ്കയില്‍ ആഴ്്ത്തിയിരുന്നു.