Connect with us

Kerala

കൊല്ലം-തൂത്തുക്കുടി കപ്പല്‍ ഗതാഗതം അനിശ്ചിതത്വത്തില്‍

Published

|

Last Updated

കൊല്ലം: തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തുനിന്ന് കൊല്ലം തുറമുഖത്തേക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തീരദേശ കപ്പല്‍ ഗതാഗതം അനിശ്ചിതത്വത്തില്‍. ഫെബ്രുവരി പകുതിയോടെ ഗതാഗതം തുടങ്ങുമെന്നാണ് തൂത്തുക്കുടി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എസ് അനന്തചന്ദ്രബോസ് കൊല്ലത്ത് പ്രഖ്യാപിച്ചത്. ചരക്കുകപ്പലുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. കശുവണ്ടിയും തടിയുമാണ് ആദ്യം കൊണ്ടു പോകുക. മറ്റ് ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കുമെന്നും തൂത്തുക്കുടി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞിരുന്നു. കപ്പല്‍ ഗതാഗതം വഴി ചരക്ക് കൊണ്ടുപോകുന്നതിന്റെ ചെലവുകള്‍ കൊല്ലത്തെയും തൂത്തുക്കുടിയിലെയും തുറമുഖ വകുപ്പ് അധികൃതര്‍ കണക്കുകൂട്ടി കണ്ടെത്തിയിരുന്നു. എന്നാല്‍, കപ്പല്‍ കമ്പനികള്‍ ഇത് അംഗീകരിച്ച് മുന്നോട്ടുവരേണ്ടതുണ്ട്. ഈ നടപടി വൈകുന്നതാണ് കപ്പല്‍ ഗതാഗതം ആരംഭിക്കുന്ന നടപടി നീളുന്നതെന്നും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കൊല്ലം തുറമുഖ ഓഫീസര്‍ എബ്രഹാം കുര്യാക്കോസ് സിറാജിനോട് പറഞ്ഞു.
കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് അവശ്യഘടകമായ ഇ ഡി ഐ (ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ഫേസ് സിസ്റ്റം) കസ്റ്റംസ് സ്ഥാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഇതിന്റെ മുതല്‍മുടക്ക്. കസ്റ്റംസ് ക്ലിയറന്‍സിനും മറ്റുമായി രേഖകള്‍ ലോകത്ത് എവിടെയിരുന്നും പരിശോധിക്കാവുന്ന സംവിധാനമാണ് ഇ ഡി ഐ. കൊല്ലത്ത് നിന്നുള്ള കാര്‍ഗോ വെസലുകളുടെ യാത്രാമാര്‍ഗം ഉള്‍പ്പെടെ ഇലക്ട്രോണിക് സംവിധാനത്തില്‍ മനസ്സിലാക്കാനാകും. എന്നാല്‍, ഇഡിഐ സംവിധാനത്തിന്റെ ചുമതലയ്ക്കായി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല. ഇ ഡി ഐ പ്രവര്‍ത്തനസജ്ജമാണെന്ന് തുറമുഖം അധികൃതര്‍ പറയുന്നു. പക്ഷേ, കൊല്ലത്തെ കസ്റ്റംസ് അധികൃതര്‍ ഡല്‍ഹി കസ്റ്റംസുമായി മെയിന്റന്‍സ് കരാര്‍ ഒപ്പിടുന്നത് നീളുകയാണ്. ഇതിനുശേഷം മാത്രമെ ഇ ഡി ഐ സംവിധാനം പൂര്‍ണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും തുറമുഖം അധികൃതര്‍ പറയുന്നു. പാസഞ്ചര്‍ സര്‍വീസും റോറോ സര്‍വീസും ആരംഭിക്കാനും അധികൃതര്‍ തീരുമാനിച്ചിരുന്നു. കൊല്ലം തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ സംതൃപ്തനാണെന്ന് സന്ദര്‍ശന വേളയില്‍ തൂത്തുക്കുടി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അറിയിച്ചിരുന്നു.
സംസ്ഥാന പോര്‍ട്ട് ഡയറക്ടര്‍ പി ജെ ഷേഖ് പരീത്, കൊല്ലം പോര്‍ട്ട് ഓഫീസര്‍ ക്യാപ്ടന്‍ അശ്വിനി പ്രതാപ്, ദക്ഷിണ്‍ ഭാരത് ഗേറ്റ് വേ ടെര്‍മിനല്‍ എം ഡി രാംജി കൃഷ്ണന്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍മാരായ ആര്‍ സുനില്‍, എം അബ്ബാസ് ഖാന്‍, വാര്‍ഫ് സൂപ്പര്‍വൈസര്‍ ആര്‍ ബിനു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കപ്പല്‍ ഗതാഗതം ആരംഭിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ കൊല്ലത്ത് പ്രഖ്യാപനം നടത്തിയത്. അതേസമയം, കൊല്ലം തുറമുഖം വഴിയുള്ള തീരദേശ കപ്പല്‍ ഗതാഗതത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തീരക്കടല്‍ കപ്പല്‍ ഗതാഗതം മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് സംയുക്ത സമര സമിതി രംഗത്ത് വന്നിട്ടുള്ളത്.
കൊല്ലം ജില്ലയിലെ പതിനായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഉപജീവനം കഴിക്കുന്നത് കൊല്ലം തീരക്കടലില്‍ നിന്നാണ്. 12 നോട്ടിക്കല്‍ മൈല്‍ തീരക്കടലും പടിഞ്ഞാറെ കടലും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന മേഖലയാണെന്നും ഈ പരിധിക്കുള്ളില്‍ കപ്പലുകള്‍ സര്‍വീസ് നടത്തുന്നത് മത്സ്യബന്ധനത്തെ ബാധിക്കുമെന്നുമാണ് തൊഴിലാളികളുടെ അഭിപ്രായം. 60 നോട്ടിക്കല്‍ മൈല്‍ കടല്‍ പ്രദേശം വരെ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായ ലോബികളെ സഹായിക്കാന്‍ ചരക്ക് ഗതാഗതത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരക്കടല്‍ തുറന്നു കൊടുക്കുകയാണ്. ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. തീരദേശം വഴി കപ്പല്‍ മാര്‍ഗമുള്ള ചരക്ക് സര്‍വീസ് തുടങ്ങിയാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടാകാനും വലകളും തോണികളും കട്ടമരങ്ങളും വള്ളങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതും കപ്പലില്‍ ഇടിച്ച് ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതുമെല്ലാമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. മത്സ്യബന്ധനത്തിനിട്ട വലകള്‍ കപ്പലില്‍ തട്ടി നശിക്കുന്നതും പതിവായിട്ടുണ്ട്. 225 തരം മത്സ്യവര്‍ഗങ്ങള്‍ മാത്രം കൊല്ലം തീരത്തുണ്ട്.
കപ്പല്‍ സര്‍വീസ് സജീവമാകുന്നതോടെ ഇവയുടെ പ്രജനനത്തെ അത് ദോഷകരമായി ബാധിക്കുകയും മത്സ്യോത്പാദനം കുറയുകയും ചെയ്യും. സി ഐ ടി യു, ഐ എന്‍ ടി യു സി, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് തീരദേശ കപ്പല്‍ ഗതാഗത്തിനെതിരെ രംഗത്തുള്ളത്. ഗതാഗതം ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചപ്പോള്‍ തന്നെ തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനവും നല്‍കിയിരുന്നു. തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ കൊല്ലം തുറമുഖത്തേക്ക് വരുന്ന ചരക്ക് കപ്പലുകളെ കടലില്‍ വെച്ച് തടയുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest