Connect with us

Gulf

കല്‍ബയില്‍ 15 പുതിയ മസ്ജിദുകള്‍ നിര്‍മിക്കാന്‍ പദ്ധതി

Published

|

Last Updated

കല്‍ബ: വിശ്വാസികള്‍ക്ക് ആരാധനാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കല്‍ബയില്‍ പുതിയ 15 മസ്ജിദുകള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍. ഇതിനായി ഷാര്‍ജ ഗവണ്‍മെന്റിനു കീഴിലെ പ്ലാനിംഗ് ആന്‍ഡ് മെഷര്‍മെന്റ് വിഭാഗം സ്ഥലം അക്വയര്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
കല്‍ബയിലെ എട്ട് പ്രദേശങ്ങളിലായാണ് 15 പുതിയ മസ്ജിദുകള്‍ നിര്‍മിക്കുക. ഇതില്‍ ചിലതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങുമെന്ന് ഷാര്‍ജ മതകാര്യ വിഭാഗം അറിയിച്ചു. അടുത്ത റമസാനില്‍ കല്‍ബയുടെ വിവിധ ഭാഗങ്ങളിലായി 18 ഇഫ്താര്‍ തമ്പുകളും സ്ഥാപിക്കും.
നിലവില്‍ കല്‍ബയില്‍ മതകാര്യ വിഭാഗത്തിനു കീഴില്‍ 74 മസ്ജിദുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ 15 എണ്ണംകൂടി നിര്‍മിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. അല്‍ സാഫ് പ്രദേശത്ത് അഞ്ച്, അല്‍ ബറാഹയില്‍ രണ്ട്, അല്‍ ജാമിഅ പ്രവിശ്യയില്‍ രണ്ട്, സനാഇയ്യ, ദഹ്‌യാത്, അല്‍ ബര്‍ദി, മുറബ്ബ 19 എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് പുതിയ മസ്ജിദുകളുടെ പദ്ധതി.
ഈ പ്രദേശങ്ങളില്‍ ജനവാസം കൂടിവരുന്നതും നിലവിലുള്ള മസ്ജിദുകളിലേക്കുള്ള ദൂരവും പരിഗണിച്ചാണ് ജനങ്ങളുടെ സൗകര്യാര്‍ഥം പുതിയ മസ്ജിദുകള്‍ നിര്‍മിക്കാന്‍ അധികൃതര്‍ മുമ്പോട്ടുവരുന്നത്. അതിനിടെ അല്‍ സാഫ്, അല്‍ ബുഹൈറ എന്നിവിടങ്ങളില്‍ ഓരോ പുതിയ മസ്ജിദുകള്‍ അധികൃതര്‍ ഏറ്റെടുത്തു. ആരാധനകള്‍ക്കായി അവ തുറന്നു കൊടുക്കുകയും ചെയ്തു. കല്‍ബയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന മൂന്ന് മസ്ജിദുകള്‍ മതകാര്യ വിഭാഗം ഏറ്റെടുത്ത് വിശ്വാസികള്‍ക്ക് വൈകാതെ തുറന്നു കൊടുക്കും.
പുതിയതായി നിര്‍മിക്കാന്‍ പദ്ധതിയിട്ട മസ്ജിദുകള്‍ ഉടന്‍ തന്നെ നിര്‍മാണം തുടങ്ങുമെന്നും 2016-17 ഓടെ ഇവ ആരാധനാ സജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ മസ്ജിദുകള്‍ക്കു പുറമെ കല്‍ബയിലെ വിവിധ പ്രദേശങ്ങളിലുള്ള നാല് മസ്ജിദുകള്‍ പൊളിച്ചുനീക്കി തല്‍സ്ഥാനത്ത് പുതിയവ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായും മതകാര്യ വിഭാഗം വ്യക്തമാക്കി. കാലപ്പഴക്കവും സൗകര്യക്കുറവുമാണ് നിലവിലുള്ളവ പൊളിച്ചു പുതിയവ സ്ഥാപിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും അധികൃതര്‍ അറിയിച്ചു.

Latest