നാളികേര പഞ്ചസാര ഉടന്‍ വിപണിയിലെത്തും

Posted on: April 19, 2015 4:31 am | Last updated: April 18, 2015 at 11:33 pm

sugar-knrകണ്ണൂര്‍: തെങ്ങിന്റെ വിടരാത്ത പൂക്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ആരോഗ്യദായകവും പ്രകൃതിദത്തവുമായ നാളികേര പഞ്ചസാര ഉടന്‍ വിപണിയിലേക്ക്. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് പിറകെയാണ് കേരത്തിന്റെ സ്വന്തം നാട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ നാളികേര പഞ്ചസാരയുടെ വര്‍ധിച്ച ഉത്പാദനവുമായി നാളികേര വികസന ബോര്‍ഡ് രംഗത്തെത്തുന്നത്.

കൊളസ്‌ട്രോള്‍, പൊണ്ണത്തടി തുടങ്ങിയ ജീവിത ശൈലീരോഗ നിയന്ത്രണത്തിന് വിദേശ രാജ്യങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഈ തവിട്ടു പഞ്ചസാര ഉത്പാദനത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പേ നാളികേര വികസന ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നുവെങ്കിലും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ നാളികേര വികസന ബോര്‍ഡിന്റെ ആലുവയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് നീരയില്‍ നിന്ന് നാളികേര പഞ്ചസാര വേര്‍തിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വിദഗ്ധ പരിശീലനം ലഭിച്ച നീര ടെക്‌നീഷ്യന്‍മാര്‍ വളരെ ശുചിയായി വിടരാത്ത പൂക്കുലയില്‍ നിന്നുത്പാദിപ്പിക്കുന്ന നീര സംസ്‌കരിച്ചാണ് പഞ്ചസാരയുണ്ടാക്കുന്നത്. ആരോഗ്യ കാര്യത്തില്‍ കരിമ്പിന്‍ പഞ്ചസാരയെക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്നതാണ് നാളികേര പഞ്ചസാരയെന്നാണ് വിദഗ്ധര്‍ പറയുന്നത്. മികച്ച ഭക്ഷണ ഉത്പന്നം എന്ന നിലയില്‍ 16 അമിനോ ആസിഡ്, 12 വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ നാളികേര പഞ്ചസാര പ്രമേഹ രോഗികള്‍ക്കും ഉപയോഗ യോഗ്യമാണത്രെ. വളരെ കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഉള്ളതിനാല്‍ നാളികേര പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും എച്ച് ഡി എല്‍, എല്‍ ഡി എല്‍ എന്നീ കൊളസ്‌ട്രോളുകളെ നിയന്ത്രിക്കുകയും ചെയ്യും. അതോടൊപ്പം പൊണ്ണത്തടി കുറക്കാനും ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കാനും നാളികേര പഞ്ചസാര കൊണ്ട് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കരിമ്പിന്‍ പഞ്ചസാര പോലെ രാസ പദാര്‍ഥങ്ങള്‍ ചേര്‍ത്ത് സംസ്‌കരിക്കുകയോ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുകയോ ചെയ്യാത്തതിനാല്‍ ആരോഗ്യത്തിന് ഗുണപ്രദമാകുമെന്നാണ് കണക്കു കൂട്ടുന്നത്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കിലോക്ക് ആയിരം രൂപക്ക് മുകളിലാണ് നാളികേര പഞ്ചസാരയുടെ വില. കൂടുതല്‍ പഞ്ചസാരയുത്പാദിപ്പിക്കാനായാല്‍ വലിയ തോതിലുള്ള വിദേശ വരുമാനം ഇതു വഴി കേരളത്തിലുണ്ടാക്കാനാകുമെന്നും കരുതുന്നുണ്ട്. കണ്ണൂരിലെ ആറളത്തുള്‍പ്പെടെ വലിയ പദ്ധതികള്‍ ആരംഭിച്ച് വന്‍തോതിലുള്ള ഉത്പാദനത്തിനാണ് നാളികേര വികസന ബോര്‍ഡ് ലക്ഷ്യമിടുന്നത്.