യു എ ഇ യുവാക്കളില്‍ നടുവേദന വര്‍ധിക്കുന്നതായി പഠനം

Posted on: April 18, 2015 5:49 pm | Last updated: April 18, 2015 at 5:49 pm

bigstock-young-man-in-office-with-compu-29935619അബുദാബി: രാജ്യത്ത് താമസിക്കുന്ന യുവാക്കളില്‍ 62 ശതമാനവും നടുവേദന അനുഭവിക്കുന്നതായി പഠനം. ഡിസ്‌കിന് സംഭവിക്കുന്ന വിവിധ തകരാറുകളാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഹെര്‍ണിയേറ്റഡ് ഡിസ്‌ക്, സ്‌പൈനല്‍ സ്റ്റിനോസിസ് തുടങ്ങിയ രോഗങ്ങളാണ് യുവതി-യുവാക്കളില്‍ പൊതുവില്‍ കാണുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ അസ്ഥി രോഗ വിദഗ്ധനും അബുദാബി ബുര്‍ജീല്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റുമായ ഡോ. ഹിലാലി നൂറുദ്ദീന്‍ വ്യക്തമാക്കി.

പലപ്പോഴും ഇത്തരം രോഗത്തിന് തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. ജോലി ഉള്‍പെടെയുള്ള പതിവ് പ്രവര്‍ത്തനങ്ങളാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് നയിക്കുന്നത്. തുടക്കത്തില്‍ അസുഖം ചെറുതായാണ് വരിക. വലിയ ബുദ്ധിമുട്ടുള്ളതായി തോന്നില്ല. പിന്നീട് കഠിനമാവും. അതോടെ ദിനചര്യകള്‍ പോലും നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടായി തുടങ്ങും. പതിവായി വ്യായാമം ചെയ്യുകയാണ് ഈ അവസ്ഥയെ അതിജീവിക്കാനുള്ള മാര്‍ഗം.
പതിവായി അര മണിക്കൂര്‍ നടക്കുകയോ, 20 മുതല്‍ 40 മീറ്റര്‍ വരെ നീന്തുകയോ ചെയ്യാവുന്നതാണ്.