വാള്‍ഡോര്‍ഫ് അസ്റ്റോറിയയില്‍ അതിഥികളെ കാത്തിരിക്കുന്നത് അത്യാഢംബര കാറുകള്‍

Posted on: April 18, 2015 5:46 pm | Last updated: April 18, 2015 at 5:46 pm

4171956521ദുബൈ: വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ അതിഥികളെ കാത്തിരിക്കുന്നത് ലംബോര്‍ഗിനിയും ഫെറാറിയും ഉള്‍പെടെയുള്ള അത്യാഢംബര കാറുകള്‍. 2014ലെ ടെസ്റ്റ് ഡ്രൈവിന്റെ തുടര്‍ച്ചയായാണ് നഗരത്തിലെ ആഢംബര ഹോട്ടലുകളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് കാറുകള്‍ ലഭ്യമാക്കുന്നത്. ഫെറാറി 458 ഇറ്റാലിയ, മാക് ലാറെന്‍ എം സി 4 12 സി, പോര്‍ഷെ ജി ടി 3, ലംബോര്‍ഗിനി ഹുരാകന്‍, ലംബോര്‍ഗിനി ഗലാര്‍ഡോ എന്നീ കാറുകള്‍ അസ്റ്റോറിയയുടെ അതിഥികള്‍ക്കായുള്ള ശേഖരത്തില്‍ ഇടംപിടിക്കും.

യു എ ഇക്ക് പുറമെ വടക്കന്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഗ്രൂപ്പിന്റെ 26 ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടുകളില്‍ കാറുകള്‍ സ്ഥാനം പിടിക്കും. വിദഗ്ധരായ കാറോട്ടക്കാരാവും ഇവയുടെ വളയം അതിഥികള്‍ക്കായി പിടിക്കുക. മനോഹരമായതും മൂന്‍കൂട്ടി നിശ്ചയിച്ചതുമായ റൂട്ടുകളില്‍ കാര്‍ ഓടിക്കാന്‍ അതിഥികളെയും അനുവദിക്കും. വാഹനം ഉപയോഗിക്കാന്‍ താമസച്ചെലവിന് പുറമെ രണ്ടര മണിക്കൂറിന് 3,670 ദിര്‍ഹമായിരിക്കും ഈടാക്കുക. രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്നീ മൂന്നു സമയങ്ങളിലാവും ആഢംബര കാറുകളില്‍ സഞ്ചരിക്കാന്‍ സൗകര്യം ഒരുക്കുക.
മഹത്തായ അനുഭവമാവും അതിഥികള്‍ക്ക് ഇതിലൂടെ ലഭ്യമാവുകയെന്ന് വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഗ്ലോബല്‍ ഹെഡ് ജോണ്‍ ടി എ വാണ്ടര്‍ സ്‌ളൈസ് വ്യക്തമാക്കി. കാറുകളുടെ തോഴര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ, ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൂടെ ഇത്തരം കാറുകളില്‍ ഒരു യാത്ര ഒരിക്കലും മറക്കാത്ത അനുഭവമായി മാറ്റാനാണ് ഗ്രൂപ്പ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.