വിശേഷദിവസങ്ങളില്‍ കബനി നദിയില്‍ ദുരന്തങ്ങള്‍ പതിവാകുന്നു

Posted on: April 18, 2015 12:05 pm | Last updated: April 18, 2015 at 12:05 pm

പുല്‍പ്പള്ളി: വിശേഷദിവസങ്ങളില്‍ കബനി നദിയില്‍ ദുരന്തങ്ങള്‍ പതിവാകുന്നു. കേരളകര്‍ണാടക സംസ്ഥാനങ്ങളെ അതിര്‍ത്തിതിരിക്കുന്ന കബനി നദിയിലെ പെരിക്കല്ലൂര്‍ തേന്മാവിന്‍ കടവിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് യുവാക്കളാണ് ഇവിടെ മുങ്ങിമരിച്ചത്. വിഷു ദിവസത്തിലായിരുന്നു ഒടുവിലത്തെ അപകടമരണം.
സുഹൃത്തിന്റെ ബൈരക്കുപ്പയിലെ ബന്ധുവീട്ടില്‍ ഗൃഹപ്രവേശന ചടങ്ങിനെത്തിയ കണ്ണൂര്‍ ഉളുവച്ചാല്‍ സ്വദേശി മുഹമ്മദ് ഷമില്‍ (19) ആണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ ഷമില്‍ കയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരാണ് ഷമിലിനെ കയത്തില്‍നിന്നും മുങ്ങിയെടുത്തത്. ഉടന്‍തന്നെ പോലീസ് വാഹനത്തില്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ഇതേ കയത്തില്‍ക്കുടുങ്ങിയാണ് ഇരുളം കോട്ടക്കൊല്ലി കോളനിയിലെ ശ്യാം (19) മരിച്ചതും. കബനി നദിയുടെ മറ്റു കടവുകളെ അപേക്ഷിച്ച് തേന്മാവിന്‍ കടവില്‍ ആഴം കുറവാണ്. വേനല്‍ക്കാലത്ത് പുഴയ്ക്കുകുറുകെ നടന്ന് അക്കരയ്ക്കു കയറാം. ഇതിനാലാണ് ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്.
അപകടം പതിയിരിക്കുന്ന ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം നടന്നാല്‍ നാട്ടുകാരാണ് രക്ഷകരാകാറ്. ബത്തേരിയില്‍നിന്നോ മാനന്തവാടിയില്‍നിന്നോ ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും എല്ലാ കഴിഞ്ഞിരിക്കും.