Connect with us

Wayanad

ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും 5,000 വീതം തെങ്ങുകള്‍ നടാന്‍ പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ;മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തെങ്ങുകൃഷി ഉള്‍പ്പെടുത്തി. കേരളം ഏതാനും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്. കേടായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതും തെങ്ങുകൃഷി വ്യാപനവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനം കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ കേടായ തെങ്ങുകള്‍ വെട്ടിമാറ്റുന്ന ജോലി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു അനുമതി ലഭിച്ചില്ല.

മേത്തരം വിത്തുതേങ്ങകള്‍ വാങ്ങി തൈകള്‍ ഉത്പാദിപ്പിച്ച് ചെറുകിട, ഇടത്തരം കര്‍ഷകരുടെ ഭൂമിയില്‍ നട്ടുകൊടുക്കുകയാണ് തെങ്ങുകൃഷി വ്യാപന പദ്ധതിയില്‍ ചെയ്യുക. ഇത് കേരളത്തിനു ഏറെ ഗുണം ചെയ്യുമെന്ന് തൊഴിലുറപ്പ് പദ്ധതി വയനാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി.വി.ജോയി അഭിപ്രായപ്പെട്ടു. നാളികേര വികസന ബോര്‍ഡിന്റെ ആത്മാര്‍ത്ഥമായ പരിശ്രമവും തെങ്ങുകൃഷി വ്യാപനം തൊഴിലുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം വയനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,000 വീതം തെങ്ങുകള്‍ നടാനാണ് ആലോചനയെന്ന് ജോയി വെളിപ്പെടുത്തി. കൃഷിവകുപ്പിന്റെയും നാളികേര വികസന ബോര്‍ഡിന്റെയും സാങ്കേതിക സഹായം ഉപയോഗപ്പെടുത്തിയാണ് വിത്തുതേങ്ങകളുടെ തെരഞ്ഞെടുപ്പ്, നഴ്‌സറി തയാറാക്കല്‍, കൃഷിഭൂമിയില്‍ കുഴിയെടുക്കല്‍, തൈനടീല്‍, പരിപാലനം എന്നിവ നടത്തുക. തെങ്ങിന്‍തൈകള്‍ വാങ്ങിനടാന്‍ അനുവാദമില്ല. തെങ്ങുകൃഷി വ്യാപനം ഓരോ പഞ്ചായത്തിലും നൂറുകണക്കിനു തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേ നാളികേര ഉത്പാദന രംഗത്ത് കുതിച്ചുചാട്ടത്തിനും ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. തെങ്ങുകൃഷി വ്യാപന പദ്ധതി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവരം ഓരോ ജില്ലയിലും പഞ്ചായത്തുകളെ ഔദ്യോഗികമായി അറിയിച്ചുവരികയാണ്.
ഹോര്‍ട്ടികള്‍ച്ചര്‍, പ്ലാന്റേഷന്‍, ഫാം ഫോറസ്ട്രി വിളവ്യാപന പരിപാടിയില്‍ അഞ്ച് ഏക്കര്‍ വരെയുള്ള കൃഷി ഭൂമികളില്‍ കാപ്പി, കുരുമുളക്, മള്‍ബറി ചെടികളും ഫലവൃക്ഷത്തൈകളും നട്ടു പരിപാലിക്കുന്നത് 2013-“14ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വയനാട്ടില്‍ മാനന്തവാടി, തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, തിരുനെല്ലി, കണിയാമ്പറ്റ, പനമരം, പൂതാടി, മുള്ളന്‍കൊല്ലി, നേ•േനി, ബത്തേരി, മീനങ്ങാടി പഞ്ചായത്തുകളിലെ ചെറുകിട കൃഷിയിടങ്ങളില്‍ എട്ട് ലക്ഷം കാപ്പിത്തൈകള്‍ നടുകയുണ്ടായി. പഞ്ചായത്തുകളിലെ നഴ്‌സറികളില്‍ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ച റോബസ്റ്റ, സി ഇന്റു ആര്‍ ഇനങ്ങളില്‍പ്പെട്ട കാപ്പിച്ചെടികളാണ് നട്ടത്.
കോഫി ബോര്‍ഡാണ് നഴ്‌സറികളിലേക്ക് ആവശ്യമായ വിത്ത് ലഭ്യമാക്കിയത്. ബോര്‍ഡിനു പുറമേ ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം, അമ്പലവയലിലെ കൃഷി വിജ്ഞാനകേന്ദ്രം, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവ സാങ്കേതിക സഹായം എത്തിച്ചു.
തൊഴിലുറപ്പ് പദ്ധതയില്‍ ഈ വര്‍ഷം 31 ലക്ഷം കാപ്പിത്തൈകളാണ് ജില്ലയില്‍ നടുന്നത്. തൊഴിലുറപ്പ് പദ്ധതി ചെലവില്‍ ഉള്‍പ്പെടുത്തിയാണ് നഴ്‌സറികള്‍ തയാറാക്കിയത്. പ്രായമായവരും വികലാംഗരുമാണ് നഴ്‌സറി തൊഴിലാളികളില്‍ ഏറെയും. ജൂണ്‍ അവസാനവാരത്തോടെ കാപ്പിച്ചെടികളുടെ നടീല്‍ പൂര്‍ത്തിയാക്കും. ചെടികള്‍ നടുന്നതിനുള്ള കുഴിയെടുപ്പ് തുടങ്ങി. നട്ട തൈകള്‍ തണല്‍ ഒരുക്കി മൂന്നു വര്‍ഷം സംരക്ഷിക്കുന്ന പ്രവൃത്തിയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. ആകെ 8,51,600 കാപ്പിച്ചെടികളും മൂന്നു ലക്ഷം ഫലവൃക്ഷത്തൈകളുമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ നടുന്നത്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉത്പാദിപ്പിച്ച വൃക്ഷത്തൈകളാണ് തോട്ടങ്ങളുടെ അതിരുകളില്‍ നട്ടുവളര്‍ത്തുക. ഫാം ഫോറസ്ട്രിയില്‍ ഉള്‍പ്പെടുത്തിയാണിത്. ഉങ്ങ്, വാളന്‍പുളി, നെല്ലി, പൂവരശ്, മഹാഗണി, മുരിങ്ങ, ആര്യവേപ്പ്, സില്‍വര്‍ റോക്ക്, കുമിഴ്, മന്ദാരം, കണിക്കൊന്ന, നീര്‍മരുത്, മണിമരുത്, ചന്ദനം, ചമത, സീതപ്പഴം, പതിമുഖം എന്നിവയുടെ തൈകളാണ് നടുന്നത്. തൈകള്‍ ഒന്നിനു 50 പൈസ നിരക്കിലാണ് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കുന്നത്. തൈകളുടെ മൂന്നു വര്‍ഷത്തെ സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നടപ്പു സാമ്പത്തികവര്‍ഷം ജില്ലയില്‍ 75 കോടി രൂപയുടെ പ്രവൃത്തികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു. മണ്‍കുളങ്ങള്‍, തൊഴുത്ത്, ആട്ടിന്‍കൂട്, പന്നിക്കൂട് നിര്‍മാണം തുടങ്ങിയവും ഇതില്‍ ഉള്‍പ്പെടും. ആയിരത്തോളം മണ്‍കുളങ്ങളാണ് നിര്‍മിക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കുന്ന ലഭിക്കുന്ന തുകയുടെ 60 ശതമാനം കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ഉത്പദാനക്ഷമമായിരിക്കണമെന്നുമുണ്ട്. അതിനാല്‍ തോട്ടംചെത്ത്, വഴിയോരങ്ങളിലെ പുല്ലുചെത്ത് തുടങ്ങിയ പ്രവൃത്തികള്‍ ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തുന്നില്ല.